photo-

ചാരുംമൂട് : കാർഷിക ഉപകരണങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും പ്രധാന നിർമിതി കേന്ദ്രങ്ങളായിരുന്ന ഉലകൾ കളമൊഴിയുന്നു.വൻകിട വ്യവസായ സ്ഥാപനങ്ങൾ കാർഷിക ഉപകരണങ്ങൾല നിർമ്മിക്കാൻ തുടങ്ങിയതോടെയാണ് നാട്ടിൻപുറത്തെ ഉലകൾ അന്യനിന്ന് പോകുന്നത്. വാൾ,അരിവാൾ, വാക്കത്തി തുമ്പ,മൺവെട്ടി തുടങ്ങി നിരവധി ഉപകരണങ്ങളാണ് ഉലകളിൽ ഉണ്ടായിരുന്നത്. ഒരു കാലത്ത് കൃഷിക്കാരും കൂലിത്തൊഴിലാളികളും പണിയായുധങ്ങൾ മൂർച്ച കൂട്ടാനും, പാകപ്പെടുത്താനും കൊല്ലന്റെ ആലക്ക് മുൻപിൽ കാത്തുനിൽപായിരുന്നു. ആയുധങ്ങൾക്ക് വാത്തല ഇടീൽ മാത്രമാണ് ഉലകളിലെ ഇന്നത്തെ വരുമാനം. തൊഴിലുറപ്പ്കാരുടെ പണിയായുധങ്ങൾ ഉള്ളത് കൊണ്ടാണ് ജില്ലയിൽ പല ഉല പ്രവർത്തിച്ചു പോകുന്നു. ഓണാട്ട് കരയുടെ തെക്കൻ പ്രദേശങ്ങളിലേക്ക് വേണ്ടുന്ന എല്ലാ ഇരുമ്പ് ഉത്പന്നങ്ങളും കൃഷി ആയുധങ്ങളും നിർമിച്ചിരുന്നത് താമരക്കുളം പ്രദേശത്തെ 25യോളം ഉലകളിലായിരുന്നു. ഈ ഉലകളിൽ ഉണ്ടാക്കിയിരുന്ന വെട്ടുകത്തികളും കൃഷി ആയുധങ്ങളും പ്രശസ്തമായ താമരക്കുളം മാധവപുരം ചന്തയിലെ പ്രധാന വിൽപ്പന ചരക്കുകളായിരുന്നു. ദൂരദേശങ്ങളിൽ നിന്നു പോലും താമരക്കുളം ചന്തയിലെ ഇരുമ്പു പണി ആയുധങ്ങളായ കൊയ്ത്തരിവാൾ , വെട്ടുകത്തി , പിച്ചാത്തി കോടാലി, കൂന്താലി , ചിരവനാക്ക് എന്നിവ വാങ്ങാൻ ധാരാളം ആളുകൾ എത്തിയിരുന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന ചിലവുകുറഞ്ഞ മെഷീൻ നിർമ്മിത ആയുധങ്ങൾ ഇന്ന് ചന്തകളും കടകളും കീഴടക്കിയപ്പോൾ ഉല ആശാരിമാരും അവരുടെ പുതിയ തലമുറകളും പുതിയ ജോലികൾ തേടി പോയി.

..........................

# ഉരുകി ജീവിതം

താമരക്കുളം ഗുരുനാഥൻ കുളങ്ങര തറയിൽ പുത്തൻ വീട്ടിൽ ശങ്കരൻ കുട്ടി ആശാരി ഉലയിൽ ഇരുമ്പ് പണി തുടങ്ങിയിട്ട് 67 വർഷങ്ങൾ കഴിയുന്നു. ഇപ്പോൾ 77 മത്തെ വയസിലും ഉലയിൽ ഉരുക്കുന്ന ഇരുമ്പിനൊപ്പം ജീവിതം മുന്നോട്ട് കൊണ്ട് പോകാനായി ഉരുകി തീരുകയാണ്. ഇന്ന് ഉലയിൽ കനലെരിയുന്നത് വല്ലപ്പോഴും മാത്രമാണെന്നാണ് ശങ്കരൻകുട്ടി പറയുന്നത്. 1990കളുടെ പകുതി വരെയും ഒട്ടുമിക്ക ഉലകളും പ്രവർത്തിച്ചിരുന്നതായി ശങ്കരൻകുട്ടി ആശാരി ഓർമ്മിക്കുന്നു.

..........

'' താമരക്കുളത്ത് ഇന്ന് അവശേഷിക്കുന്നത് വെറും മൂന്ന് ഉലകൾ മാത്രമാണ്. പുതിയ തലമുറയിലെ ഒരാൾ പോലും ഇന്ന് ഈ തൊഴിൽ പഠിക്കുന്നില്ല., ഞങ്ങളുടെ തലമുറയോടെ ഉലകൾ എല്ലാം ഓർമ്മകളാകും.

(ശങ്കരൻകുട്ടി ആശാരി )

........

'' ഒരു കാലത്ത് ഇരുമ്പു കൊണ്ടുള്ള കാർഷിക ഉപകരണങ്ങളാകെ ഉല ആശാരിമാരാണ് നിർമ്മിച്ചിരുന്നത്. അന്യ സംസ്ഥാന നിർമ്മിതങ്ങളായ നിലവാരം കുറഞ്ഞ ഉപകരണങ്ങൾ വിപണിയിൽ വന്നതോടെ ഉല ആശാരിമാർ ഉലകൾ നിശ്ചലമായി. പരമ്പരാഗത തൊഴിൽ ചെയ്ത് വരുന്ന ഉല ആശാൻമാരെ നിലനിർത്തി സംരക്ഷിക്കേണ്ടത് സാംസ്കാരിക പൈതൃകത്തിന്റെ അനിവാര്യതയാണ്.

ബി.സത്യപാൽ,കൺവീനർ, എസ്. എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയൻ