
ചാരുംമൂട്: ചത്തിയറ ശക്തികുളങ്ങര ശ്രീഭുവനേശ്വരി ദേവീ ക്ഷേത്രത്തിലെ പത്താമുദയ ഉത്സവം നാളെ നടക്കും. വൈകിട്ട് നടക്കുന്ന വർണാഭമായ കെട്ടുകാഴ്ചയോടെയാണ് സമാപനം. രാവിലെ 7 ന് സോപാന സംഗീതത്തിന് ശേഷം തിരുവാഭരണച്ചാർത്തും തെക്കേത്തളത്തിൽ വല്യഛന് പൂജയും നടക്കും. 7.30 ന് ഭാഗവത പാരായണം, വൈകിട്ട് 3.30 ഓടെ ക്ഷേത്രവുമായി ബന്ധപ്പെട്ട കെട്ടുത്സവ സമിതികളുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കെട്ടുകാഴ്ചകൾ റേഡിയോ ജംഗ്ഷനിൽ കേന്ദ്രീകരിക്കും. തുടർന്ന് ജീവത എഴുന്നള്ളി അനുഗ്രഹം ചൊരിയുന്നതോടെ കെട്ടുകാഴ്ചകൾ യഥാക്രമം ക്ഷേത്രത്തിലേക്ക് എത്തിച്ചേരും. 6.30 ന് വേലകളി, രാത്രി 8.30 ന് എതിരേല്പ്, 11 ന് ചലച്ചിത്ര താരം ശാലുമേനോൻ അരങ്ങിലെത്തുന്ന നൃത്തനാടകം - ജടാമകുടം. ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഉപദേശക സമിതി പ്രസിഡന്റ് കെ.വിജയകുമാർ, സെക്രട്ടറി ജി.സുരേന്ദ്രൻ പിള്ള എന്നിവർ അറിയിച്ചു.