
ഹരിപ്പാട്: കവിയും പുല്ലാങ്കുഴൽ വാദകനുമായ ബിനു എം പള്ളിപ്പാട് (47) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പള്ളിപ്പാട് നടുവട്ടം കോനുമഠം കൂലിതറ വീട്ടിൽ..പാൻക്രിയാസിലെ രോഗബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു. ഹരിപ്പാട് പള്ളിപ്പാട് മയിലന്റെയും ചെല്ലമ്മയുടെയും മകനായി 1974ൽ ആയിരുന്നു ജനനം. പള്ളിപ്പാട് നടുവട്ടം ഹൈസ്കൂളിലും പരുമല ദേവസ്വം ബോർഡ് കോളജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1993 മുതൽ ആനുകാലികങ്ങളിൽ കവിതകൾ എഴുതിയിരുന്നു. കവിതയോടൊപ്പം പുല്ലാങ്കുഴലും അഭ്യസിച്ച അദ്ദേഹം, ബാവുൽ ഗായകർക്കൊപ്പം കേരളത്തിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് സംഗീത പരിപാടികൾ അവതരിപ്പിച്ചു. 2009ൽ പുറത്തിറങ്ങിയ പാലറ്റ് ആണ് ആദ്യ കവിതാ സമാഹാരം. അവർ കുഞ്ഞിനെ തേടുമ്പോൾ (2013), തമിഴ് കവി എൻ.ഡി.രാജ്കുമാറിന്റെ സമ്പൂർണ കവിതകൾ, ഒലിക്കാതെ ഇളവേനൽ എന്ന ഇലങ്കൻ പെൺ കവിതകൾ എന്നിവയാണ് മറ്റു കവിതകൾ. ഓക്സ്‌ഫോഡ് യൂണിവേഴ്സിറ്റി പുറത്തിറക്കിയ സൗത്ത് ഇന്ത്യൻ ദളിത് ആന്തോളജിയിലും ബിനു എം. പള്ളിപ്പാടിന്റെ കവിത ഇടംപിടിച്ചു. കവിത ജീവിതത്തിന്റെ ഭാഗമാക്കിയ ബിനുവിന്റെ അവർ കുഞ്ഞിനെ തൊടുമ്പോൾ എന്ന പുസ്തകം ഡി. സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുമളിയിലായിരുന്നു താമസം. ഭാര്യ: അമ്പിളി.