ആലപ്പുഴ: ജില്ലയിൽ ടൂറിസം മേഖലയിൽ ഉണർവേകാൻ പുന്നമടയിൽ പാലം നിർമ്മാണത്തിനുള്ള തയ്യാറെടുപ്പ് അവസാനഘട്ടത്തിൽ. പാലം എത്തുന്നതോടെ വർഷങ്ങളായി നെഹ്റുട്രോഫി വാർഡിലെ നൂറുകണക്കിന് കുടുംബങ്ങൾ അനുഭവിക്കുന്ന യാത്രാദുരിതത്തിനാണ് വിരാമമാകുന്നത്. ഡോ. തോമസ് ഐസക് മുൻകൈയെടുത്ത് പാലം നിർമ്മിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. വേമ്പനാട് കായലിന് കുറുകെ പുന്നമടയിലാണ് പാലം നിർമ്മിക്കുന്നത്. പാലത്തിന്റെ നിർമ്മാണത്തിന് 48കോടി രൂപയും സ്ഥലം ഏറ്റെടുക്കലിന് നാല് കോടിരൂപയും കിഫ്ബിയിൽ നിന്ന് അനുവദിച്ചിരുന്നു. ഭൂമി ഏറ്റെടുക്കൽ പൂർത്തികരിക്കുന്നതിലെ കാലതാമസമാണ് പാലം നിർമ്മാണം വൈകുന്നത്. ആദ്യ അലൈൻമെന്റ് പ്രദേശത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത് മാറ്റം വരുത്തിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ വിഞ്ജാപനത്തിൽ സ്പോട്സ് അതോറിട്ടി ഒഫ് ഇന്ത്യയുടെ സ്ഥലം ആദ്യം ഉൾപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ അത് ഉൾപ്പെടുത്തി വിഞ്ജാപനം പുറപ്പെടുവിച്ചു. നിലവിലെ എസ്റ്റിമേറ്റ് പ്രകാരം 48.2 കോടി രൂപയായിരുന്നു. അടങ്കൽതുക കാലതാമസം ഉണ്ടായസാഹചര്യത്തിൽ 52.3 കോടി രൂപയായി അടങ്കൽ തുക വർദ്ധിപ്പിച്ചാണ് പുതിയ എസ്റ്റിമേറ്റ് കിഫ്ബിക്ക് നൽകിയിട്ടുണ്ട്. സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയായാലുടൻ ടെണ്ടർ നടപടിയിലേക്ക് കടക്കുന്നതാണ്.

.......

# തടസം

ചില സർവേ നമ്പരുകളിലുള്ള സ്ഥലം സർക്കാർ വക പുറമ്പോക്കാണ് റീസർവേയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂമിക്ക് ചില വ്യക്തികൾ കരം അടക്കുന്നതായി രേഖകൾ ഹാജരാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കുന്ന മുഴുവൻ ഭൂവുടമകളുടെ യോഗം രണ്ട് തവണ കൂടി. വീണ്ടും വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി പ്രവർത്തിക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന കാലതാമസമാണ് പാലം നിർമ്മാണം ആരംഭിക്കാൻ തടസം.

........

"എല്ലാ തടസങ്ങളും നീക്കി നിയമാനുസൃതം നടപടികൾ പൂർത്തിയാക്കി ഈ വർഷം തന്നെ പാലം പണി ആരംഭിക്കും

പി.പി.ചിത്തരഞ്ജൻ എം.എൽ.എ