s

ആലപ്പുഴ : കൊവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതോടെ തട്ടുകടളിൽ രാത്രികച്ചവടം ഉഷാറായി.ദേശീയപാതയോരത്തും ഗ്രാമീണ റോഡുകളുടെ വശങ്ങളിലും തട്ടുകടകളിൽ ഇപ്പോൾ ഉപഭോക്താക്കളുടെ വലിയ തിരക്കാണ്.മുമ്പുണ്ടായിരുന്നതിനേക്കാൾ കൂടുതൽ വഴിയോര ഭക്ഷണശാലകളും തുറന്നു. വലിയ ഹോട്ടലുകളേക്കാൾ രാത്രികാലങ്ങളിൽ തട്ടുകടകളെ ആശ്രയിക്കുന്നവരാണ് വാഹനയാത്രക്കാരിൽ കൂടുതലും.

ജില്ലയിൽ കഴിഞ്ഞ ഒരുവർഷത്തിനിടെ ആയിരത്തിലധികം ഭക്ഷ്യവില്പനശാലകൾ ഭക്ഷ്യസുരക്ഷാ വകുപ്പിൽ രജിസ്റ്റർ ചെയ്തു. കൊവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ടവരിൽ പലരും ഇപ്പോൾ ഉപജീവനമാർഗമായി വഴിയോര ഭക്ഷ്യവില്പനയ്ക്കിറങ്ങിയതോടെയാണ് കച്ചവടക്കാരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചത്. ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മയും സുരക്ഷയും ഉറപ്പാക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് കച്ചവടക്കാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കിയത്. തട്ടുകടകളുടെ എണ്ണം കൂടിയതോടെ വൃത്തിയും ഭക്ഷ്യ ഉത്പന്നങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കേണ്ടതുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന തട്ടുകടകളുമുണ്ട്.

ഇഷ്ട വിഭവങ്ങൾ

ബിരിയാണി, ഇഡലി, ദോശ, പൊറോട്ട, ചപ്പാത്തി, ബീഫ് വിഭവങ്ങൾ, കോഴി വിഭവങ്ങൾ മുട്ട ഓംലെറ്റ് എന്നിവയാണ് തട്ടുകടകളിലെ ഏറ്റവും ചിലവേറിയ ഇനങ്ങൾ.

ശ്രദ്ധിക്കുക

 ഭക്ഷണം വൃത്തിയായി തയ്യാറാക്കുന്നു എന്ന് ഉറപ്പ് വരുത്തുക

 ചൂടുവെള്ളത്തിൽ പാത്രവും ഗ്ളാസും കഴുകണം

 ജീവനക്കാർക്ക് ഹെൽത്ത്കാർഡ് നിർബന്ധം

 ഭക്ഷണം പഴകിയതല്ലെന്ന് ഉറപ്പ് വരുത്തണം

"തട്ടുകടകളുടെ ശുചിത്വം ഉറപ്പാക്കാൻ ജില്ലയിൽ ആരോഗ്യ വകുപ്പ് പഞ്ചായത്ത് തലത്തിൽ രാത്രികാല പരിശോധന നടത്തണം. വൃത്തിഹീനമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് എതിരെ നടപടി സ്വീകരിക്കണം. കാനകളുടെ സമീപം പ്രവർത്തിക്കുന്ന തട്ടുകടകൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.

- ഉപഭോക്താക്കൾ

"ഒരു വർഷത്തേക്ക് നൂറുരൂപ ഫീസടച്ച്, 'ഫോസ്‌കോസ്' വെബ്‌സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പരിശോധനയിൽ കച്ചവടക്കാർക്ക് രജിസ്‌ട്രേഷനില്ലെന്ന് കണ്ടെത്തിയാൽ നോട്ടീസ് നൽകി പിഴ ചുമത്തും.

- ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതർ