s

ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി സർജിക്കൽ ബ്‌ളോക്കിന്റെ ഉദ്ഘാടനം വൈകുന്നതിന് പിന്നിൽ സ്വകാര്യ ആശുപത്രി ലോബിയാണെന്ന് ആക്ഷേപമുയരുന്നു.. സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗത്തിന്റെ പ്രവർത്തനത്തിനാവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടി ആരോഗ്യ വകുപ്പ് ആരംഭിച്ച് ആറുമാസം പിന്നിട്ടിട്ടും ധനവകുപ്പ് അംഗീകാരം നൽകിയിട്ടില്ല. ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ ഉൾപ്പെടെ 200 പേരെ നിയമിക്കാനാണ് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടത്. അധിക സാമ്പത്തിക ബാദ്ധ്യതയുടെ പേരിലാണ് തസ്തിക അനുവദിക്കാത്തത്.

സൂപ്പർ സ്‌പെഷ്യാലിറ്റി സർജിക്കൽ ബ്‌ളോക്ക് തുറക്കുന്നതോടെ മികച്ച ആശുപത്രിയായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മാറും. ഇത് എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ സ്വകാര്യ ആശുപത്രികൾക്ക് തിരിച്ചടിയാകും. കേന്ദ്രസർക്കാർ പ്രധാനമന്ത്രി ശ്രം യോഗി മാൻ ധൻ(പി.എം.എസ്.വൈ.എം) പദ്ധതി പ്രകാരം അനുവദിച്ച 150 കോടി ചിലവഴിച്ച് കേന്ദ്രീകൃത ഐ.സി.യുവും ഓപ്പറേഷൻ തിയേറ്റർ സൗകര്യങ്ങളും ഉൾപ്പെടുന്ന ആറു നില കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചിട്ട് ആറുമാസം കഴിഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കുമെന്ന് പറഞ്ഞെങ്കിലും ജീവനക്കാരെ നിയമിക്കാത്തതിനാലാണ് ഉദ്ഘാടനം വൈകുന്നത്. 2013ൽ ആരംഭിച്ച നിർമ്മാണം ഒന്നര വർഷം കൊണ്ട് പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമെങ്കിലും പലവിധ തടസങ്ങളാൽ കഴിഞ്ഞ വർഷമാണ് പൂർത്തിയായത്. ആശുപത്രിയിലേക്ക് ആവശ്യമായ യന്ത്രങ്ങളും ഉപകരണങ്ങളും സ്ഥാപിക്കുന്ന ജോലി അന്തിമഘട്ടത്തിലുമാണ്.

ഏജന്റുമാരുടെ വിളയാട്ടം

ആശുപത്രി വളപ്പിൽ സ്വകാര്യ ആശുപത്രികളുടെ ഏജന്റുമാരുടെ വിളയാട്ടമാണ് നടക്കുന്നത്. അന്യജില്ലകളിലെ സ്വകാര്യ ആശുപത്രികളിലേക്ക് ഒരു രോഗിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് എത്തിച്ചാൽ ആബുലൻസ് ഡ്രൈവർമാർക്ക് 1000 മുതൽ 4000രൂപ വരെ കമ്മീഷൻ നൽകും. ആശുപത്രിയിൽ വേണ്ടത്ര സൗകര്യം ഉണ്ടെങ്കിലും സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ റഫർ ചെയ്യുന്ന കേന്ദ്രമായി ആലപ്പുഴമെഡിക്കൽ കോളേജ് ആശുപത്രി മാറി.

സൂപ്പർ സ്‌പെഷ്യാലിറ്റി ബ്‌ളോക്കിൽ

ന്യൂറോ സർജറി, കാർഡിയോളജി, കാർഡിയോതെറാപ്പി, മെഡിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി, ജനറൽ സർജറി, പ്ലാസ്റ്റിക് സർജറി, യൂറോളജി, നെഫ്രോളജി

തീവ്രപരിചരണം

കാർഡിയോളജി, മെഡിസിൻ, സർജറി, ന്യൂറോ, കാർഡിയോതെറാപ്പി, ട്രാൻസ് പ്‌ളാന്റേഷൻ, പോസ്റ്റ് കാത്ത്

250 രോഗികൾക്ക് കിടത്തി ചികിത്സ
പ്രകൃതി സൗഹൃദ രീതിയിൽ രൂപകല്പന ചെയ്തിട്ടുള്ള പുതിയ കെട്ടിടത്തിൽ 250 രോഗികളെ ഒരേ സമയം കിടത്തി ചികിത്സ നൽകാൻ കഴിയും. ഓരോ നിലയിലും ഐ.സി.യുവും തിയേറ്ററും പ്രത്യേക വാർഡുകളുമുണ്ട്. ഏഴ് ഡിപ്പാർട്ട്‌മെന്റുകളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ 50 കിടക്കകളും ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കുമുള്ള മുറികളും സജ്ജമാക്കി. എല്ലാ വിഭാഗത്തിനും പ്രത്യേകം ലൈബ്രറികൾ, സെമിനാർ ഹാളുകൾ, പി.ജി പരീക്ഷകൾക്കും മറ്റുമായി പൊതുപരീക്ഷാ ഹാൾ എന്നിവയുമുണ്ട്.