കറ്റാനം: ഇരുന്നൂറോളം അപകടങ്ങൾ, ഇരുന്നൂറ്റി അൻപതിലേറെ പേർക്ക് പരുക്ക്, ഇതാണ് കഴിഞ്ഞ പത്തു വർഷത്തെ ഭരണിക്കാവ് തെക്കേമങ്കുഴി കരിമുട്ടത്ത് - വാഴപ്പള്ളിൽ റോഡിന്റെ ബാലൻസ് ഷീറ്റിലുള്ളത്. 15 വർഷം മുൻപാണ് ഈ റോഡ് ടാർ ചെയ്യുന്നത്. അഞ്ച് വർഷത്തിന് ശേഷം മെറ്റലുകൾ ഇളകി റോഡ് സഞ്ചാരയോഗ്യമല്ലാതെയായി തീരുകയായിരുന്നു. പല സ്ഥലങ്ങളിലും രൂപപ്പെട്ട കുഴികൾ വലിയ ഗർത്തങ്ങളായത് ഇരു ചക്രവാഹനയാത്രക്കാരെയാണ് ഏറെ ദുരിതത്തിയാക്കിയത്.സ്ത്രീകളാണ് ഇവിടെ അപകടത്തിൽ കൂടുതലായി അകപ്പെട്ടത്. തെക്കേ മങ്കുഴി നിവാസികൾ കട്ടച്ചിറയിലേക്ക് എത്തുവാനും കെ.പി റോഡിലേക്ക് എത്തുവാനും പ്രധാനമായി ആശ്രയിക്കുന്ന പാതയാണിത്. ദുരിതാവസ്ഥ പത്തു വർഷമായി അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരം ഉണ്ടായിട്ടില്ല. മഴക്കാലം എത്തിയാൽ ഇവിടുത്തെ കുഴികളിൽ വീണാണ് അപകടം ഏറെ ഉണ്ടാകുന്നത്. കരിമുട്ടത്ത് ക്ഷേത്രം, മണപ്പാമുറി ക്ഷേത്രം,നിലയ്ക്കൽ ക്ഷേത്രം, തെക്കേ മങ്കുഴി എൻ.എസ്.എസ് എൽ.പി.എസ്, തെക്കേ മങ്കുഴി ക്ഷീര സഹകരണ സംഘം തുടങ്ങി ഒട്ടേറെ പൊതു സ്ഥലങ്ങളിലേക്ക് എത്തുവാൻ രണ്ടായിരത്തിലേറെ വീട്ടുകൾ ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. മൂന്ന് വളവുകളാണ് ഈ പാതയിലുള്ളത്. ഇവിടെ ഒരു വശം തകർന്ന് കിടക്കുന്നത് വൻ അപകട ഭീഷണിയാണ് ഉയർത്തുന്നത്.കട്ടച്ചിറയേയും പുള്ളിക്കണക്കിനേയും ബന്ധിപ്പിക്കുന്ന റോഡിന്റെ അവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
...................
റോഡിന്റെ ദുരിതാവസ്ഥ വർഷങ്ങളായി ഉള്ളതാണ്. പുനർനിർമ്മാണത്തിനുള്ള നടപടി തുടങ്ങി കഴിഞ്ഞു. ഉടനടി പരിഹാരം ഉണ്ടാകും.
നിഷ സതൃൻ
(ഗ്രാമ പഞ്ചായത്തംഗം)
.....................................
വർഷങ്ങളായി ഇവിടെ യാത്ര ദുരിതം അനുഭവിക്കുന്നു. ഇരുചക്രവാഹന യാത്രികരായ സ്ത്രീകൾക്കാണ് ഏറെ ബുദ്ധിമുട്ടനുഭവപ്പെടുന്നത്. ഉടനടി പരിഹാരം ഉണ്ടാകണം.
വിനീത
പുനമുട്ടത്ത് കിഴക്കതിൽ
........................................
ഒട്ടേറെ പേരാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. റോഡിൽ രൂപപ്പെട്ടിരിക്കുന്ന ഗർത്തങ്ങളാണ് ബുദ്ധിമുട്ടായി മാറിയിരിക്കുന്നത്. ഇതിന് ഒ
രു പരിഹാരമുണ്ടാകണം.
ബിജു, ബിജു ഭവനം