
അമ്പലപ്പുഴ: മൂന്ന് പതിറ്റാണ്ടായി കാടുപിടിച്ചു കിടന്ന കോൺവെന്റ് വക സ്ഥലത്ത് നെൽകൃഷിക്ക് തുടക്കമായി.പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനാലാം വാർഡിലെ പറവൂർ സെന്റ് ഫ്രാൻസീസ് കോൺവെന്റ് വക 30 സെന്റ് സ്ഥലത്താണ് വിത്തു വിതച്ചത്. .തൊഴിലുറപ്പ് തൊഴിലാളികൾ ഒരുക്കിയ നിലത്ത്, മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്ന് എത്തിച്ച പൗർണമി നെന്മണികളാണ് വിതച്ചത്. എച്ച് .സലാം എം. എൽ. എ വിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സജിത സതീശൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, സിസ്റ്റർ ജമ്മ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി.സരിത, സിസ്റ്റർ സുപ്പീരിയർ മെറ്റിൽഡ ജോർജ്ജ്, പഞ്ചായത്തംഗം അജിത ശശി,മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം മേധാവി ഡോ.സുരേന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി കെ.എ.സാഹിർ, കൃഷി ഓഫീസർ ആർ.ശ്രീരമ്യ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ കെ.ആനന്ദൻ സ്വാഗതം പറഞ്ഞു.