
ആലപ്പുഴ: ആലപ്പുഴ ചങ്ങനാശേരി (എ.സി) റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് നാളെ (ഏപ്രിൽ 25) മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. രേണു രാജ് അറിയിച്ചു. കളർകോട് മുതൽ പെരുന്ന വരെയുള്ള റോഡിലൂടെ ചരക്ക് വാഹനങ്ങളുടെയും ദീർഘദൂര വാഹനങ്ങളുടെയും ഗതാഗതം പൂർണമായും നിരോധിച്ചു. കൊയ്‌ത്ത് യന്ത്രങ്ങൾ കയറ്റിയ വാഹനങ്ങൾ, നെല്ല് കയറ്റി പോകുന്ന വാഹനങ്ങൾ എന്നിവയെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി.
കെ.എസ്.ആർ.ടി.സി
കെ.എസ്.ആർ.ടി.സി എണ്ണം കുറച്ചും ചെറിയ ബസുകൾ ഉപയോഗിച്ചും സർവീസ് നടത്തും.കെ.എസ്.ആർ.ടി.സി. ദീർഘദൂര സർവീസുകളും ചരക്കു വാഹനങ്ങളും മറ്റ് ദീർഘഘദൂര വാഹനങ്ങളും അമ്പലപ്പുഴ -തിരുവല്ല റോഡ് വഴി പോകണം.
ചരക്കു വാഹനങ്ങൾ
എ.സി. റോഡിലേക്കു വരേണ്ട ചരക്കു വാഹനങ്ങൾ പെരുന്ന പൂവം (മേപ്രാൽ റോഡ്) വഴിയും പെരുന്ന ഇടഞ്ഞില്ലം വേങ്ങൽ അഴിയിടത്തുചിറ മേപ്രാൽ പൂവം വഴിയും പെരുന്ന കിടങ്ങറ തെക്ക് ഭാഗത്തു കൂടി വരുന്ന വാഹനങ്ങൾ പെരുന്ന മുത്തൂർ ജംഗ്ഷൻ, പൊടിയാടി ചക്കുളത്തുകാവ് റോഡ് വഴിയും വടക്കു ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ പെരുന്ന ചങ്ങനാശേരി ജംഗ്ഷൻ കുമരങ്കരി കിടങ്ങറ വഴിയും കിടങ്ങറ മാമ്പുഴക്കരി ഭാഗത്തേക്കുള്ളവ കിടങ്ങറ മുട്ടാർ ചക്കുളത്തുകാവ് തലവടി മിത്രക്കരി മാമ്പുഴക്കരി വഴിയും പോകണം. മാമ്പുഴക്കരി വേഴപ്ര ഭാഗത്തേക്കുള്ളവ മിത്രക്കരി, ചങ്ങങ്കരി, തായങ്കരി, വേഴപ്ര വഴി പോകണം.വേഴപ്ര, മങ്കൊമ്പ് ഭാഗത്തേക്കുള്ള തായങ്കരി, ചമ്പക്കുളം, മങ്കൊമ്പ് വഴിയും കിടങ്ങറ, മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷൻ ഭാഗത്തേക്കുള്ളവ വെളിയനാട്, പുളിങ്കുന്ന്, മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷൻ വഴിയും മങ്കൊമ്പ്, പൂപ്പള്ളി ഭാഗത്തേക്കുള്ളവ മങ്കൊമ്പ്, ചമ്പക്കുളം, പൂപ്പള്ളി വഴിയും പൂപ്പള്ളി കളർകോട് ഭാഗത്തേക്കുള്ളവ പൂപ്പള്ളി, ചമ്പക്കുളം, വൈശ്യംഭാഗം, എസ്.എൻ. കവല, കളർകോട് വഴിയും പോകണം.