
തരംതാഴ്‌ത്തപ്പെട്ട കെ.രാഘവൻ തിരികെയെത്തി
ആലപ്പുഴ: സംഘടനാ നടപടിയുടെ ഭാഗമായി തരംതാഴ്‌ത്തപ്പെട്ട കെ.രാഘവന്റെ തിരിച്ചുവരവിലൂടെ ശ്രദ്ധേയമായ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൽ പുതുമുഖങ്ങളായി എച്ച്. സലാം എം.എൽ.എയും ജി.രാജമ്മയും ഇടം പിടിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ, പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു സെക്രട്ടേറിയറ്റ് രൂപീകരണം.
ജില്ലാ സെക്രട്ടറി ആർ. നാസർ, ജി.വേണുഗോപാൽ, കെ.പ്രസാദ്, പി.പി.ചിത്തരഞ്ജൻ എം.എൽ.എ, കെ.എച്ച് ബാബുജാൻ, ജി. ഹരിശങ്കർ, എ. മഹേന്ദ്രൻ, എം. സത്യപാൽ, മനു. സി. പുളിക്കൽ എന്നിവരാണ് 12അംഗ സെക്രട്ടേറിയറ്റിൽ ഇടംപിടിച്ച മറ്റുള്ളവർ. പടനിലം സ്കൂളുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളെത്തുടർന്നാണ് നേരത്തെ സെക്രട്ടേറിയറ്റ് അംഗമായിരുന്ന കെ.രാഘവനെ തരംതാഴ്‌ത്തിയത്. നടപടി നേരിട്ട് ഒരു വർഷം തികയുന്നതിന് മുമ്പുള്ള രാഘവന്റെ തിരിച്ചുവരവ് അപ്രതീക്ഷിതമായി. മന്ത്രി സജി ചെറിയാന്റെ പഴ്സണൽ സ്‌റ്റാഫിലുള്ള മനു.സി.പുളിക്കൽ സർക്കാർ ശമ്പളം വാങ്ങുന്നയാളായതിനാൽ ഒഴിവാക്കുമെന്ന പ്രചാരണമുണ്ടായെങ്കിലും നിലനിറുത്തി.
ആലപ്പുഴ നോർത്ത്, ആലപ്പുഴ സൗത്ത്, തകഴി, ഹരിപ്പാട് ഏരിയ കമ്മിറ്റികളിലെ വിഭാഗീയ പ്രവർത്തനങ്ങൾ പരിശോധിക്കാൻ പാർട്ടി കമ്മിഷനെ നിയോഗിക്കും. നവമാദ്ധ്യമങ്ങളിലൂടെ പാർട്ടിക്കെതിരെ പ്രചാരണം നടത്തിയ യു. പ്രതിഭ എം.എൽ.എക്കെതിരെ നടപടിയുണ്ടാകില്ല. എം.എൽ.എ തെറ്റ് സമ്മതിച്ചെന്നും ഇനി ആവർത്തിക്കില്ലെന്ന് അറിയിച്ചതായും ജില്ലാ സെക്രട്ടറി ആർ. നാസർ വ്യക്തമാക്കി. തകഴി ഏരിയ കമ്മിറ്റിയിൽ പ്രവർത്തിച്ചിരുന്ന പ്രതിഭയെ കായംകുളം ഏരിയ കമ്മിറ്റിയിലേക്ക് മാറ്റി. പ്രായപരിധിയുടെ പേരിൽ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് സ്വയം ഒഴിവായ ജി. സുധാകരന്റെ ഘടകം ജില്ലാ സെന്റർ ബ്രാഞ്ചാണെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം ജില്ലാ കമ്മിറ്റിയിൽ കോടിയേരി ബാലകൃഷ്‌ണൻ റിപ്പോർട്ട് ചെയ്‌തു. ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവുമാണ് ജി.സുധാകരൻ.