അമ്പലപ്പുഴ: തകഴി ബസ് സ്റ്റേഷൻ കോമ്പൗണ്ടിലെ ടീൻ ഷീറ്റ് മേൽക്കൂരക്കു താഴെ ഒരു ഹാളിൽ ഒരുക്കിയിരിക്കുന്ന ഓഫീസ്. ഇതാണ് തകഴി ഫയർ സ്റ്റേഷൻ. സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് 70 സെന്റ് പുറമ്പോക്ക് ഭൂമിയിൽ.
വണ്ടാനം മുതൽ പുറക്കാട് വരെയുള്ള തീരപ്രദേശത്തും കുട്ടനാട് ,അപ്പർകുട്ടനാട് എന്നിവിടങ്ങളിലും പ്രവർത്തന പരിധിയുള്ള ഫയർ സ്റ്റേഷന്റെ ദുരിതാവസ്ഥയാണിത്.
2016ൽ പ്രവർത്തനം ആരംഭിച്ച സ്റ്റേഷനിൽ ടോയ്ലെറ്റ് സൗകര്യം ഇല്ലാതിരുന്നതിനെ തുടർന്ന് ജീവനക്കാർ പണം സ്വരൂപിച്ച് ഒരു താത്കാലിക ടോയ്ലെറ്റ് ഹാളിനോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്. കൊടും ചൂടിൽ അകത്തിരിക്കാനാവാതെ ജീവനക്കാർ പുറത്താണ് ഇരിക്കുന്നത്. ഇഴജന്തുക്കളുടെ ശല്ല്യവും ഉണ്ടെന്ന് ജീവനക്കാർ പറയുന്നു.
20 ജീവനക്കാരാണ് നിലവിൽ ഇവിടെ ഷിഫ്റ്റുകളായി ജോലി ചെയ്യുന്നത്. രണ്ട് ഫയർ എൻജിനുകളും ഒരു ആംബുലൻസും ഒരു ജീപ്പും ഒരു സ്പീഡ് ബോട്ടും ഒരു വാട്ടർ ഡിക്കിയും തകഴി ഫയർസ്റ്റേഷനിലുണ്ട്. ഗാരേജ് സൗകര്യമില്ലാത്തതിനാൽ താത്കാലിക ഷെഡിലാണ് ഇവ പാർക്ക് ചെയ്യുന്നത്.
സംസ്ഥാന പാതയിൽ നിന്നും 100 മീറ്റർ ഉള്ളിലാണ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. പൊട്ടിപ്പൊളിഞ്ഞ, മഴ പെയ്താൽ ചെളിക്കുണ്ടാകുന്ന ഇടറോഡിലൂടെ വളരെ കഷ്ടപ്പെട്ടാണ് വാഹനം ഓടിച്ച് സംസ്ഥാന പാതയിൽ എത്തുന്നത്. 2018ലെ പ്രളയത്തിൽ ഒരു മീറ്ററോളം ഉയരത്തിൽ സ്റ്റേഷനിലും റോഡിലും വെള്ളം ഉയർന്നിരുന്നു.
ചുറ്റിക്കറങ്ങാതിരിക്കാൻ വേണം
മിനി ഫയർ എൻജിൻ
നിരവധി ഗ്രാമീണ ഇടറോഡുകളും റെയിൽ അടിപ്പാതകളും ഉള്ള വൈശ്യം ഭാഗം, അമ്പലപ്പുഴ, കരുമാടി, പടഹാരം തുടങ്ങിയ സ്ഥലങ്ങളിൽ വലിയ വാഹനത്തിൽ പോകുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് ജീവനക്കാർ പറയുന്നു. അപ്പർകുട്ടനാടിന്റെ പല ഭാഗങ്ങളിലും എത്താൻ ഹരിപ്പാട് വഴി ചുറ്റി കറങ്ങിയാണ് എത്തുന്നത്. മിനി ഫയർ എൻജിൻ ലഭിച്ചാൽ ഇതിന് പരിഹാ
രമാകും. ഇപ്പോഴുള്ള വളരെ പഴക്കം ചെന്ന ആംബുലൻസ് കട്ടപ്പുറത്താണ്. പുതിയ ആംബുലൻസ് അത്യാവശ്യമാണ്. വണ്ടാനം മുതൽ പുറക്കാട് വരെയുള്ള തീരപ്രദേശത്തും കുട്ടനാട് ,അപ്പർകുട്ടനാട് എന്നിവിടങ്ങളിലും രക്ഷാപ്രവർത്തനത്തിനായി ഓടി എത്തേണ്ട തകഴി അഗ്നി രക്ഷാ സേനയ്ക്ക് വൈകാതെ പുതിയ കെട്ടിടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.
....................................
പി.ഡബ്ല്യു.ഡി പുറമ്പോക്ക് സ്ഥലം ആയിരുന്നതിനാലാണ് ഫയർസ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കാൻ കഴിയാതിരുന്നത്. തകഴി പഞ്ചായത്ത് മുൻകൈ എടുത്ത് 25 സെന്റ് സ്ഥലം സ്പെഷ്യൽ ഓർഡർ മുഖേന ഫയർഫോഴ്‌സിനായി പതിച്ചുനൽകിയിട്ടുണ്ട്. പി.ഡബ്ലു.ഡി കെട്ടിടവിഭാഗമാണ് ഇനി കെട്ടിടം പണിയേണ്ടത്. ഭൂമി കൈമാറാനുണ്ടായ താമസമാണ് കെട്ടിട നിർമ്മാണം വൈകാൻ കാരണം .
എസ്.അജയകുമാർ തകഴി പഞ്ചായത്ത് പ്രസിഡന്റ്
..............................
20
20 ജീവനക്കാരാണ് നിലവിൽ
ഇവിടെ ഷിഫ്റ്റുകളായി ജോലി ചെയ്യുന്നത്