photo
നിർമ്മാണം പൂർത്തികരിച്ച വാട്ടർ ടാങ്ക്

ആലപ്പുഴ: നഗരത്തിൽ 71ലക്ഷം ലിറ്റർ കുടിവെള്ളം സംഭരിച്ച് വിതരണം ചെയ്യാൻ ശേഷിയുള്ള നാല് ഓവർഹെഡ് വാട്ടർ ടാങ്കുകൾ ഉദ്ഘാടനത്തിന് തയ്യാറായി. ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടലിനെത്തുടർന്ന് ആലപ്പുഴ നഗരത്തിൽ കുടിവെള്ളം പതിവായി മുടങ്ങുന്ന സാഹചര്യത്തിന് ഇത് പരിഹാരമാകുമെന്നാണ് കരുതുന്നത്. രണ്ടാഴ്ചക്കുള്ളിൽ ടാങ്കുകൾ കമ്മിഷൻ ചെയ്യും.

ആവശ്യമായ സ്ഥലത്ത് പുതിയ പൈപ്പ് ലൈനും മാറ്റി സ്ഥാപിക്കുന്ന ജോലിയും ആരംഭിച്ചു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച നാലു വാട്ടർ ടാങ്കുകളാണ് കമ്മിഷന് തയ്യാറായിട്ടുള്ളത്. അവസാന ഘട്ട നിർമ്മാണ ജോലികളാണ് നടക്കുന്നത്. ആലിശേരി ( 28 ലക്ഷം ലിറ്റർ), കൊമ്മാടി ( 21 ലക്ഷം ലിറ്റർ), പഴവങ്ങാടി (10 ലക്ഷം ലിറ്റർ) എന്നി വാട്ടർ ടാങ്കുകളാണ് അടുത്താഴ്ച കമ്മീഷൻ ചെയ്യുന്നത്.12 ലക്ഷം ലിറ്റർ ശേഷിയുള്ള തത്തംപള്ളിയിലെ ടാങ്കുകളാണ് കമ്മീഷൻ ചെയ്യുന്നത്. വാട്ടർ ടാങ്കുകൾ കമ്മിഷൻ ചെയ്യപ്പെടുന്നതോടെ കൂടുതൽ ശക്തിയിലും അളവിലും ജലവിതരണം നടക്കും. കൂടാതെ തകഴിയിൽ കുടിവെള്ള പൈപ്പ് പൊട്ടിയാലും നഗരത്തിൽ ജലക്ഷാമമില്ലാതെ മുന്നോട്ട് പോകാനാകും.

ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ തകഴി ഭാഗത്ത് പൊട്ടുന്ന പൈപ്പുകൾ മാറ്റിയിട്ടുന്ന പ്രവൃത്തിയുടെ ആദ്യ ഘട്ടം പൂർത്തിയായി. 372 മീറ്റർ പൈപ്പാണ് മാറിയത്.അടുത്ത 400 മീറ്റർ പൈപ്പ് മാറ്റുന്ന പ്രവൃത്തി ഇന്ന് ആരംഭിക്കും.നഗരത്തിൽ കുടിവെള്ള ക്ഷാമമുണ്ടാകാത്ത രീതിയിലാണ് പ്രവർത്തനം പുരോഗമിക്കുന്നത്.

.................................

'രണ്ടാഴ്ചയ്ക്കുള്ളിൽ നഗരത്തിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച നാല് വാട്ടർ ടാങ്കുകൾ കമ്മിഷൻ ചെയ്യും. നിലവിൽ തകഴിയിൽ നിന്ന് ലഭിക്കുന്ന വെള്ളത്തിന് പുറമേ 71ലക്ഷം ലിറ്റർ കുടിവെള്ളം വിതരണം ചെയ്യാൻ കഴിയും. ആവശ്യമായ പൈപ്പ് ലൈനും സ്ഥാപിക്കുന്നുണ്ട്. പ്രതിപക്ഷ കൗൺസിലർമാർ നടത്തുന്ന സമരം രാഷ്ട്രീയതട്ടിപ്പാണ്. ഇവരുടെ കാലത്ത് വാങ്ങികൂട്ടിയ പൈപ്പ് വലിയ ചുടുകാട്ടിൽ നശിച്ചിട്ടും കുടിവെള്ളം എത്തിക്കുന്നതിൽ താല്പര്യം കാട്ടാത്തവരാണ് ഇപ്പോൾ സമരത്തിന് നേതൃത്വം നൽകുന്നത്.

സൗമ്യ രാജ്, നഗരസഭ അദ്ധ്യക്ഷ

പുതിയ ടാങ്കും സംഭരണശേഷിയും

* ആലിശ്ശേരി- 28 ലക്ഷം ലിറ്റർ

* കൊമ്മാടി- 21 ലക്ഷം ലിറ്റർ

* പഴവങ്ങാടി- 10 ലക്ഷം ലിറ്റർ

* തത്തംപള്ളി- 12 ലക്ഷം ലിറ്റർ

>>>>>>>>>>>>>>>>>>>

ആലിശേരി (28 ലക്ഷം ലിറ്റർ), കൊമ്മാടി (21 ലക്ഷം ലിറ്റർ), പഴവങ്ങാടി (10 ലക്ഷം ലിറ്റർ)

* തത്തംപള്ളി (12 ലക്ഷം ലിറ്റർ)

* മാറ്റി സ്ഥാപിക്കുന്ന പൈപ്പ്- 400മീറ്റർ