
ആലപ്പുഴ: മകൾ കാട്ടിയ വഴിയിലൂടെ അമ്മയും അച്ഛനും അക്ഷരങ്ങളുടെ ലോകത്തെത്തി. പുറക്കാട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മുളക്കത്തറ വീട്ടിൽ പുഷ്‌കരനും (80) ഭാര്യ ലളിതയുമാണ് (68) ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ അതുല്യം പദ്ധതിയുടെ ഇൻസ്ട്രക്ടറായ മകൾ സിനിയുടെ കീഴിൽ അക്ഷരാഭ്യാസം നേടിയത്. മറ്റ് പഠിതാക്കളെ പകൽ ക്ലാസ് സമയത്തും മാതാപിതാക്കളെ രാത്രി കാലങ്ങളിലുമാണ് പഠിപ്പിച്ചതെന്ന് സിനി പറഞ്ഞു. സാക്ഷരത നേടിയോ എന്ന് വിലയിരുത്തുന്നതിനായി ഇന്നലെ നടത്തിയ മികവുത്സവത്തിൽ മറ്റ് പഠിതാക്കളോടൊപ്പം പുഷ്‌കരനും ലളിതയും പരീക്ഷയെഴുതി.
ഇത്തവണ ഇവർ ഉൾപ്പെടെ ആറു പേരെ സാക്ഷരരാക്കിയ സിനി മികച്ച ഇൻസ്ട്രക്ടർമാരിൽ ഒരാളാണെന്ന് പഞ്ചായത്ത് കോ ഓർഡിനേറ്റർ മധുകുമാർ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ജിനുരാജ്, ഗ്രാമപഞ്ചായത്തംഗം സി.രാജു സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.വി.രതീഷ്, ബ്ലോക്ക് കോ ഓർഡിനേറ്റർ പ്രകാശ് ബാബു തുടങ്ങിയവർ മികവുത്സവ കേന്ദ്രത്തിലെത്തി പഠിതാക്കൾക്ക് ആശംസകൾ നേർന്നു. സാക്ഷരത നേടിയ മുഴുവൻ പേരെയും നാലാംതരം തുല്യതാ കോഴ്‌സിൽ രജിസ്റ്റർ ചെയ്യിക്കുമെന്ന് ജില്ലാ കോഓർഡിനേറ്റർ പറഞ്ഞു.