അമ്പലപ്പുഴ: ചെവി കുടയിൽ സ്റ്റീൽ റിംഗ് കുടുങ്ങിയ യുവാവിനെ ആശുപത്രിയിലെത്തിച്ചു. ചമ്പക്കുളം സ്വദേശിയായ വൈശാഖി (33) ന്റെ ചെവിയുടെ ബാഹ്യഭാഗമായ ചെവിക്കുടയിലാണ് സ്റ്റീൽ റിംഗ് കുടുങ്ങിയത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. കട്ടിയുള്ളതും ഭാരം കൂടിയതുമായ സ്റ്റീൽ റിംഗ് ആയതിനാൽ അത് നീക്കം ചെയ്താൽ മാത്രമേ തുടർ ചികിത്സ നടത്താൻ സാധിക്കുമായിരുന്നുള്ളൂ. ഇ.എൻ.ടി അത്യാഹിത വിഭാഗത്തിലെ ഡോ.വിദ്യ അരവിന്ദ് തകഴി അഗ്നി രക്ഷാനിലയത്തിലേക്ക് വിളിച്ച് സഹായം ആവശ്യപ്പെട്ടു. ഉടൻ തന്നെ സേനാംഗങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലെത്തി സുരക്ഷിതമായി സ്റ്റീൽ റിംഗ് കട്ട് ചെയ്ത് മാറ്റി. അസി. സ്റ്റേഷൻ ഓഫീസർ (ഗ്രേഡ് ) ടി.എൻ.കുഞ്ഞുമോന്റെ നേതൃത്വത്തിൽ ജീവനക്കാരായ അൻവിൻ.സി, അഭിലാഷ് .എച്ച്, മനോജ് .പി, സുമേഷ് എം, ജോസഫ് നിക്കോളാസ് എന്നിവർ രക്ഷാപ്രവർത്തിൽ പങ്കെടുത്തു .