
കായംകുളം : ഫോർമാലിൻ കലർത്തിയ മത്സ്യങ്ങൾ പിടികൂടാൻ ജില്ലയിൽ പരിശോധന ആരംഭിച്ചെങ്കിലും കായംകുളത്ത് മായം കലർന്ന മത്സ്യങ്ങൾ വിപണിയിൽ സജീവം. മാരകമായ രാസവസ്തുക്കൾചേർത്ത മത്സ്യം കായംകുളത്തും പരിസര പ്രദേശങ്ങളിലും പരസ്യമായി വിറ്റഴിച്ചിട്ടും അധികൃതർ കണ്ണടച്ച മട്ടിലാണ്. ഫോർമാലിൻ,അമോണിയ,ബ്ളീച്ചിംഗ് പൗഡർ എന്നിവ കലർത്തിയ മത്സ്യമാണ് ഇവിടെ വിറ്റഴിയ്ക്കപ്പെടുന്നത്. സംസ്ഥാനത്ത് വ്യാപകമായി പരിശോധനകൾ നടത്തി ഇത്തരത്തിലുള്ള മത്സ്യ വിപണന കേന്ദ്രങ്ങൾക്ക് കടിഞ്ഞാണിടുമ്പോൾ കായംകുളത്ത് ഉത്തരവ് കാറ്റിൽ പറത്തുകയാണ്. അനധികൃത മത്സ്യ വിപണന കേന്ദ്രങ്ങൾ വഴിയാണ് അന്യ സംസ്ഥാനത്തുനിന്നും കൊണ്ടുവരുന്ന മായംകലർന്ന മത്സ്യങ്ങളുടെ വിപണനം നടക്കുന്നത്. ഒറ്റ നോട്ടത്തിൽ പച്ചമത്സ്യമാണെന്ന് തോന്നുമെങ്കിലും വീട്ടിൽ കൊണ്ടുപോയി കറിവെച്ച് കഴിയുമ്പോഴാണ് രാവസ്തുക്കളുടെ രൂക്ഷ ഗന്ധം ഉയരുന്നത്. അയല ,മത്തി, ചൂര, കേര, തിലോപ്പിയ,ചൂട,വറ്റ, ചെങ്കലവ തുടങ്ങിയ മത്സ്യങ്ങളിലാണ് ദിവസങ്ങളോളം കേട് കൂടാതിരിക്കാൻ രാസ വസ്തുക്കൾ ചേർക്കുന്നത്. നഗരത്തിലും ,പ്രതാഗം മൂട്ടിലും, ചിറക്കടവത്തും, റെയിൽവേ ഓവർ ബ്രഡ്ജിന് സമീപവും ഐക്യജംഗ്ഷനിലും, പുളിമുക്കിലുമാണ് മായം കലർത്തിയ മത്സ്യങ്ങൾ വ്യാപകം. പുളിമുക്കിൽ കഴിഞ്ഞ ദിവസം അമോണിയ ചേർത്ത അയല വിറ്റത് പ്രദേശത്ത് സംഘർഷത്തിന് ഇടയാക്കി. വിഷം കലർത്തിയ മത്സ്യ വിൽപ്പന തടയാൻ കായംകുളത്ത് യാതൊരു സംവിധാനവും ഇല്ല. നഗരസഭയോ,ആരോഗ്യ വകുപ്പോ, ഭക്ഷ്യ സുരക്ഷാ അധികൃതരോ യാതൊരു പരിശോധനവും നടത്തിയിട്ടില്ല.കഴിഞ്ഞ ദിവസം ഹരിപ്പാട്ട് 300 കിലോ മത്സ്യം നഗരത്തിൽ നിന്ന് പിടികൂടിയിരുന്നു.സംസ്ഥാനത്ത് ഒട്ടാകെ ഇത്തരത്തിലുള്ള മത്സ്യ വിൽപനയ്ക്കെതിരെ നടപടി സ്വീകരിയ്ക്കുമ്പോൾ പേരിന് പോലും പരിശോധന ഇല്ലാത്തത് വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.
---------
'' കായംകുളത്ത് പരിശോധന ശക്തമാക്കുവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ദിവസം തോറും നിരവധി പരാതികളാണ് ലഭിക്കുന്നത്.അടുത്ത ദിവസങ്ങളിലൽ നഗരസഭ ആരോഗ്യ വിഭാഗം ശക്തമായ നടപടികൾ സ്വീകരിക്കും.
പി.ശശികല
ചെയർപേഴ്സൺ കായംകുളം നഗരസഭ