ആലപ്പുഴ: പ്രസിദ്ധ തീർഥാടന കേന്ദ്രമായ എടത്വാ പള്ളിയിലെ ഈ വർഷത്തെ പെരുന്നാളിന് നാളെ തുടക്കമാകും. മേയ് 14 വരെ നടക്കും. പെരുന്നാൾ നടത്തിപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായ വികാരി ഫാ. മാത്യു ചൂരവടി പറഞ്ഞു. 27 ന് രാവിലെ 7.30ന് പള്ളി വികാരി ഫാ.മാത്യു ചൂരവടി കൊടികയറ്റ് നിർവഹിക്കും. പത്തിന് തക്കല രൂപതാ മെത്രാൻ മാർ ജോർജ് രാജേന്ദ്രൻ കുർബാന അർപ്പിക്കും. മേയ് മൂന്നിന് രാവിലെ 7.30ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പൊലീത്ത മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാർമികത്വത്തിൽ കുർബാന അർപ്പിക്കും. തുടർന്ന് ഗീവർഗീസ് സഹദായുടെ നടയിൽനിന്നും തിരുസ്വരൂപം ദേവാലയത്തിന്റെ പ്രധാന കവാടത്തിൽ പ്രതിഷ്ഠിക്കും. ആറിനു വൈകിട്ട് 5.30ന് തിരുസ്വരൂപം എഴുന്നള്ളിച്ചുള്ള പ്രദക്ഷിണം നടക്കും. അഞ്ച്, ആറ് തീയതികളിൽ നടത്തിവരുന്ന പ്രസിദ്ധമായ എടത്വാപള്ളി വെടിക്കെട്ട് ഒഴിവാക്കിയിട്ടുണ്ട്. പകരം ലളിതമായ രീതിയിൽ ചൈനീസ് വെടിക്കെട്ട് നടത്തും. തിരുനാൾ ദിനമായ മേയ് ഏഴിന് രാവിലെ 6 ന് ചങ്ങനാശേരി അതിരൂപതാ വികാരി ജനറാൾ ഫാ. ജോസഫ് വാണീയപുരയ്ക്കലും വൈകിട്ട് 3.30ന് കോട്ടാർ രൂപതാ മുൻമെത്രാൻ ഫാ.പീറ്റർ റെമിജിയൂസ് തമിഴിലും കുർബാന അർപ്പിക്കും. വൈകിട്ട് നാലിന് തിരുസ്വപൂരം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം.
മേയ് മൂന്നു മുതൽ ഏഴു വരെ തീർഥാടകർക്കായി ഉച്ചയ്ക്ക് സൗജന്യനേർച്ച ഭക്ഷണം നൽകും. 14ന് എട്ടാമിടത്തോടെ തിരുനാൾ സമാപിക്കും. വൈകുന്നേരം നാലിന് തിരുസ്വരൂപം എഴുന്നള്ളിച്ചുള്ള പട്ടണപ്രദക്ഷിണം കുരിശടിയിലേക്ക് നടക്കും. തുടർന്ന് കൊടിയിറക്കം. രാത്രി 9 ന് തിരുസ്വപൂരം തിരുനടയിൽ പ്രതിഷ്ഠിക്കുന്നതോടെ പെരുന്നാളിന് സമാപനമാകും. ഫാ. മാത്യു ചൂരവടി, രാജു ജോസഫ്, ജയൻ ജോസഫ്, അലക്‌സ് സെബാസ്റ്റ്യൻ, ജോസഫ് തോമസ് കുന്നേൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.