
മാവേലിക്കര: മൂന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. തൃശൂർ കൊടകര പേരാമ്പ്ര ഭാഗത്ത് മാടമ്പത്ത് വീട്ടിൽ നിന്നും കായംകുളം പെരിങ്ങാല കൊയ്പ്പള്ളികാരാഴ്മ ഭാഗത്ത് താമസിക്കുന്ന മാടമ്പത്ത് വീട്ടിൽ പ്രദീപ് നന്ദനൻ (35) ആണ് മാവേലിക്കര പൊലീസിന്റെ പിടിയിലായത്.
ചെങ്ങന്നൂർ ഡി.വൈ.എസ്.പി ഡോ.ആർ.ജോസിന്റെ നേതൃത്വത്തിൽ മാവേലിക്കരയിൽ നടത്തിയ രഹസ്യ ഓപ്പറേഷനിലൂടെയാണ് ഇയാളെ പിടികൂടിയത്. 24ന് വൈകിട്ട് കുറഞ്ഞ അളവിൽ ഗഞ്ചാവുമായി 21കാരനെ കല്ലുമലയിൽ നിന്നും പിടികൂടിയിരുന്നു. ഇയാൾക്ക് കഞ്ചാവ് സ്ഥിരമായി എത്തിക്കുന്നത് ഓട്ടോയിൽ വരുന്ന വികലാംഗനായ യുവാവാണെന്ന് വിവരം കിട്ടി. തുടർന്ന് നടത്തിയ രഹസ്യ നീക്കത്തിനൊടുവിൽ രാത്രി 10.15ഓടെ മാവേലിക്കര സി.ഐ സി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം മാവേലിക്കര ബിവറേജസിനടുത്ത് വച്ച് ഓട്ടോറിക്ഷായിൽ വന്ന പ്രതിയെ പിടികൂടുകയായിരുന്നു.
മൂന്നര കിലോ കഞ്ചാവും കണ്ടെടുത്തു. തൃശൂരിൽ കൊരട്ടി, ചാലക്കുടി എന്നീ പോലീസ് സ്റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി, കവർച്ച തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ ഇയാൾ 5 വർഷമായി കൊയ്പ്പള്ളികാരാഴ്മയിൽ വീടുവച്ച് താമസിക്കുകയാണ്. തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും കഞ്ചാവ് കൊണ്ടുവന്ന് ചില്ലറ വിൽപ്പന നടത്തി വന്നിരുന്ന ഇയാൾ ഗഞ്ചാവ് മാഫിയയുടെ പ്രധാന കണ്ണിയാണെന്ന് പൊലീസ് പറഞ്ഞു. മാവേലിക്കര സി.ഐ സി.ശ്രീജിത്തിനൊപ്പം എസ്.ഐമാരായ സിയാദ് എ.ഇ, ആനന്ദകുമാർ.ആർ, എസ്.സി.പി.ഓ രാജേഷ് കുമാർ.ആർ, സി.പി.ഒമാരായ ഗിരീഷ് ലാൽ.വി.വി, സജു കുമാർ.എസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.