
കുട്ടനാട്: വാഹനം വാടകയ്ക്ക് എടുത്ത ശേഷം പണയത്തിന് നൽകി പണം തട്ടുന്ന വിരുതൻ ഏറ്റുമാനൂരിലെ വാടക വീട്ടിൽ ഒളിവിൽ കഴിഞ്ഞുവരുന്നതിനിടെ രാമങ്കരി പൊലീസിന്റെ പിടിയിലായി.
കോട്ടയം തിരുവാർപ്പ് വില്ലേജിൽ പവിത്രൻ മകൻ നിഖിലാ(30)ണ് പിടിയിലായത്. ഏതാനും മാസം മുമ്പ് വെളിയനാട് സ്വദേശിയായ വാഹന ഉടമയിൽ നിന്നു ആദ്യം ഒരു പിക്കപ്പ് വാനും പിന്നീട് ഫോക്സ് വാഗൺ കാറും പ്രതി വാടകയ്ക്ക് എടുത്തു. ആദ്യ നാളുകളിൽ പിക്കപ്പ് വാനിന്റെ വാടക നൽകിയെങ്കിലും പിന്നീട് ഫോൺ വിളിച്ചാലും മറ്റും എടുക്കാതെ വന്നതോടെ സംശയം തോന്നിയ വാഹന ഉടമ രാമങ്കരി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. രാമങ്കരി സി.ഐ രവി സന്തോഷ്, എ. എസ്. ഐ റിജോ ജോയി , പ്രേംജിത്ത്, സി.പി.ഒമാരായ അനു സാലസ് സുധീഷ് എന്നിവർ ചേർന്നു നടത്തിയ അന്വേഷണത്തെതുടർന്നു ഇയാൾ പിടിയിലാകുകയായിരുന്നു.