
ആലപ്പുഴ: കേരളം കാത്തിരുന്ന കായിക മാമാങ്കത്തിന് മേയ് ഒന്നിന് തിരിതെളിയുമ്പോൾ, പോരാട്ട വീര്യവുമായി ആലപ്പുഴയുടെ 560 താരങ്ങളും അങ്കത്തിനിറങ്ങും. ജില്ലാ ഒളിമ്പിക്സിൽ കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച താരങ്ങളാണ് മത്സരത്തിനിറങ്ങുന്നത്. അവസാനവട്ട പരിശീലനത്തിലാണ് എല്ലാവരും.
ഫുട്ബാൾ, ബാസ്ക്കറ്റ് ബാൾ ടീമുകൾ ക്യാമ്പുകൾ ആരംഭിച്ചാണ് പരിശീലനം നടത്തിവരുന്നത്. കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രഥമ കേരള ഗെയിംസ് സംഘടിപ്പിക്കുന്നത്.
സീനിയർ വിഭാഗത്തിലാണ് മത്സരം. ജില്ലയിൽ മത്സരത്തിന് വേദിയില്ല. മേയ് ഒന്നുമുതൽ 10 വരെയാണ് മത്സരങ്ങൾ. യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, പിരപ്പൻകോട് സ്വിമ്മിംഗ് പൂൾ, സെൻട്രൽ സ്റ്റേഡിയം, തൈയ്ക്കാട് പൊലീസ് ഗ്രൗണ്ട്, ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വട്ടിയൂർക്കാവ് ഷൂട്ടിങ് റേഞ്ച്, ട്രിവാൻഡ്രം ടെന്നീസ് ക്ലബ്, വൈ.എം.സി.എ, ഐ.ആർ.സി ഇൻഡോർ സ്റ്റേഡിയം ശംഖുമുഖം, കൊല്ലം ഹോക്കി സ്റ്റേഡിയം, മഹാരാജാസ് കോളേജ് ഗ്രൗണ്ട്, വടകര എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. പൂർണമായും ഗെയിംസ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള മത്സരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
.................................
ഒക്ടോബറിൽ സ്കൂൾ ഗെയിംസ്
സിലബസ് വ്യത്യാസമില്ലാതെ സ്കൂൾ വിദ്യാർത്ഥികൾക്കായി കേരള ഒളിമ്പിക് അസോസിയേഷൻ നടത്തുന്ന ആദ്യ കേരള സ്കൂൾ ഗെയിംസ് ഒക്ടോബറിൽ നടക്കും. കേരള സിലബസിന് പുറമേ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, നവോദയ, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കും മത്സരത്തിൽ പങ്കാളികളാകാം. പ്രധാന മത്സരത്തിന് മുന്നോടിയായി ഉപജില്ലാ, ജില്ലാ തല മത്സരങ്ങൾ സംഘടിപ്പിക്കും. തിരുവനന്തപുരത്താവും സംസ്ഥാനതല മത്സരങ്ങൾ. കേരള സ്കൂൾ ഗെയിംസിൽ അഞ്ച് ഇനങ്ങളിൽ മികവ് തെളിയിക്കുന്ന 30 കുട്ടികളെ കേരള ഒളിമ്പിക് അസോസിയേഷൻ സി.എസ്.ആർ കമ്മിറ്റി ദത്തെടുക്കും.
....................................................
ജില്ലാ ഗെയിംസിൽ മികച്ച പ്രകടനം കാഴ്ച്ചവച്ചവരാണ് കേരള ഗെയിംസിൽ പങ്കെടുക്കുന്നത്. അവസാനവട്ട പരിശീലനങ്ങൾ പുരോഗമിക്കുകയാണ്. ആലപ്പുഴയുടെ ചുണക്കുട്ടികൾ മികച്ച നേട്ടം കൈവരിക്കും.
വി.ജി.വിഷ്ണു, ജില്ലാ പ്രസിഡന്റ്, കേരള ഒളിമ്പിക് അസോസിയേഷൻ