ആലപ്പുഴ: ആരോഗ്യ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി വിണ ജോർജ് ബന്ധപെട്ട ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആലപ്പുഴ ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടന്ന ജില്ലാതല അവലോകന യോഗത്തിലാണ് മന്ത്രിയുടെ നിർദ്ദേശം.
കിഫ്ബി, പ്ലാൻ ഫണ്ട്, എൻ.എച്ച്.എം തുടങ്ങിയവയിലുടെ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. തോമസ് കെ.തോമസ് എം.എൽ.എ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി.ആർ.രാജു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
# തീരുമാനങ്ങൾ
* പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ വേഗം
പൂർത്തീകരിക്കാൻ വകുപ്പുകൾക്കും ഏജൻസികൾക്കും നിർദേശം
* ഒരോ ആരോഗ്യ സ്ഥാപനത്തിലും നടക്കുന്ന നിർമാണ പ്രവർത്തങ്ങൾ അതത് സ്ഥാപനങ്ങളിൽ
മാസത്തിലൊരിക്കൽ അവലോകനം
* ജില്ലാതലത്തിലും പ്രവർത്തനങ്ങളുടെ വിലയിരുത്തൽ പ്രത്യേകമായി നടത്തണം
* ആലപ്പുഴ ജനറൽ ആശുപത്രിയിൽ കാത്ത് ലാബിന്റെ നിർമാണം ജൂണിൽ പൂർത്തിയാക്കും
* കാത്ത്ലാബിൽ പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടെ ഒൻപത് പേരടങ്ങുന്ന സംഘത്തിന്റെ സേവനം
* ആലപ്പുഴ ജനറൽ ആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളിൽ ആധുനിക ചികിത്സാ സൗകര്യങ്ങൾ
* എലിപ്പനി പടർന്നു പിടിക്കുന്നതിനുള്ള സാധ്യത കൂടുതലായിനാൽ ജാഗ്രത പാലിക്കണം
* ആരോഗ്യ വകുപ്പിന്റെ സജീവ ഇടപെടലും പ്രതിരോധ സംവിധാനം
* പനി ലക്ഷണങ്ങളുമായി ചികിത്സ തേടുന്നവർ എലിപ്പനി ബാധിതരല്ലെന്ന് ഉറപ്പാക്കുന്നതിന് പ്രത്യേക പരിശോധന
* മാസ്‌ക് ധരിക്കൽ, സാമൂഹ്യ അകലം തുടങ്ങിയ കൊവിഡ് പ്രതിരോധ മുൻകരുതലുകൾ തുടരണം.