
ഹരിപ്പാട്: ഏഷ്യയിലെ ഏറ്റവും വലിയ മതേതര കൂട്ടുകുടുംബമായ പത്തനാപുരം ഗാന്ധിഭവൻ ശാഖയായി ഹരിപ്പാട് ആയാപറമ്പിൽ പ്രവർത്തിക്കുന്ന ഗാന്ധിഭവൻ സ്നേഹ വീടിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി അവധിക്കാല പഠന ക്യാമ്പ് ആരംഭിച്ചു . ഗാന്ധിഭവൻ നന്മ കൂട്ടം എന്ന പേരിൽ നടത്തുന്ന ക്യാമ്പിൽ , കേരളത്തിലെ പ്രശസ്തരായ ട്രെയിനിംഗ് ഫാക്കൽറ്റികളും , സന്നദ്ധ സാമൂഹിക ജീവകാരുണ്യ പ്രവർത്തകരും പങ്കെടുക്കുന്ന വ്യത്യസ്തമായ ക്ലാസുകൾ, മാനസിക ഉല്ലാസം നൽകുന്ന വിവിധ കലാപരിപാടികൾ, തുടങ്ങി വിവിധ പദ്ധതികളോടെ 30 വരെ നടക്കും. ചെറുതന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പത്മജാ മധുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം ചെറുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു ഉദ്ഘാടനം ചെയ്തു. രാംകുമാർ, ഷാജി ആനാരി, സിന്ധു ബാലരാമൻ, ബനീല സതീഷ്, ലതിക നായർ, സുന്ദരൻ പ്രഭാകരൻ, ഹരികുമാർ അനുപം, ഗാന്ധി ഫാൻ സ്നേഹവീട് ചെയർമാൻ ജി.രവീന്ദ്രൻ പിള്ള, ഡയറക്ടർ മുഹമ്മദ് ഷമീർ , അബി ഹരിപ്പാട്, എന്നിവർ സംസാരിച്ചു. തുടർന്ന് പ്രശസ്ത പരിശീലകൻ ബിജു മാവേലിക്കര ക്ലാസിന് നേതൃത്വം നൽകി. നിസാം സാഗറും ഹരി സാഗറും ചേർന്നവതരിപ്പിച്ച ടൂ മാൻ ഷോ കോമഡി പരിപാടിയോടെ ഇന്നത്തെ സെക്ഷൻ അവസാനിച്ചു. ചടങ്ങിൽ തൃഷ്ണ വേണു എന്ന 15 വയസുകാരി തന്റെ മുടി കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കാൻ മുറിച്ചു നൽകിയത് കുട്ടികൾക്ക് പ്രചോദനമായി.