ചേർത്തല: നഗരസഭയിൽ ബാഹ്യ ശക്തികളുടെ ഇടപെടലിൽ ഓഫീസിലെ നിർണായക വിവരങ്ങൾ ചോരുന്നതായി കൗൺസിൽ യോഗത്തിൽ രൂക്ഷ വിമർശനം. ഭരണപക്ഷത്തിനൊപ്പം പ്രതിപക്ഷ അംഗങ്ങളും വിമർശനമുയർത്തി രംഗത്തുവന്നു. ചിലർക്ക് രഹസ്യമായി ഫയലുകൾ പോലും കൈമാറുന്നുണ്ടെന്നും കൗൺസിലർമാർ വിമർശനമുയർത്തി. നഗരസഭയിലെ ചില ഉദ്യോഗസ്ഥരാണ് ഇത്തരം ബാഹ്യശക്തികൾക്കു പിന്തുണ നൽകുന്നത്. മുൻ കൗൺസിലർ കൂടിയായ നഗര ഹൃദയത്തിലെ ഒരു വനിതാ കൗൺസിലറിന്റെ ഭർത്താവാണ് ഇടപെടലുകൾക്ക് നേതൃത്വം നൽകുന്നതെന്നാണ് വിവരം. ചൊവ്വാഴ്ച നടന്ന കൗൺസിൽ യോഗത്തിലാണ് അജണ്ടയിലില്ലാത്ത വിഷയം ഉന്നയിക്കപ്പെട്ടത്.
ഭരണപക്ഷ കൗൺസിലർമാരാണ് വിഷയം ഉയർത്തിയത്. ഇതിനു ചുവടുപിടിച്ച് പ്രതിപക്ഷത്തുനിന്നും പിന്തുണയുണ്ടായി. ഇത്തരം നടപടികൾക്കെതിരെ അന്വേഷണവും നടപടികളും ഉണ്ടാകണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. ദ്യോഗസ്ഥർ കൈമാറുന്ന വിവരങ്ങൾ ഇവർ ദുരുപയോഗം ചെയ്യുന്നതായാണ് പരാതികൾ. വിഷയം പ്രത്യേക അജണ്ടയായി കൗൺസിൽ ചർച്ചചെയ്യണമെന്ന് കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടു. ഭരണപക്ഷത്തുനിന്നും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.രഞ്ജിത്ത്, എസ്.സനീഷ്, അനൂപ് ചാക്കോ എന്നിവരും കോൺഗ്രസിൽ നിന്നും ബി.ഭാസിയുമാണ് പ്രധാനമായും ചർച്ചകളിൽ പങ്കെടുത്തത്.