
മാന്നാർ: കുരട്ടിക്കാട് പാട്ടമ്പലത്തിൽഅമ്മയുടെ 'ആറ്റിൽ ചാട്ടം' ചടങ്ങ് മാന്നാർ 'പടനിലത്ത്' നടന്നു. പത്താമുദയത്തിനു പുറത്തെഴുന്നെള്ളിച്ച് മൂന്നാംനാളാണ് ചരിത്രപ്രസിദ്ധമായ ആറ്റിൽ ചാട്ടം ചടങ്ങ് നടക്കുന്നത്.രാജാക്കന്മാർ യുദ്ധംചെയ്ത സ്ഥലമായതിനാൽ പടനിലം എന്നറിയപ്പെടുന്ന മാന്നാർ മാർക്കറ്റ് ജംഗ്‌ഷനിലാണ് ഈ ചടങ്ങ് നടക്കുന്നത്.
പണ്ട് പടനിലംഭാഗത്ത് പറയെടുക്കാൻ ചെല്ലുമ്പോൾ അമ്മക്ക് പെട്ടെന്നുണ്ടാകുന്ന ഭാവമാറ്റവും മുന്നോട്ട് കുതിച്ചോടുന്നതും ദേവിഹിതം നോക്കി മനസ്സിലാക്കിയപ്പോൾ അമ്മയുടെ മാതൃസ്ഥാനത്ത് നിൽക്കുന്ന പമ്പയാറിനക്കരെയുള്ള പനയന്നാർകാവിലെ അമ്മയെ കാണുവാൻ പോകാനുള്ള അനുഗ്രഹഓട്ടം ആണെന്നും അങ്ങനെപോയാൽ പാട്ടമ്പലത്തിലമ്മ തിരികെ വരില്ലായെന്നും ദേവിചൈതന്യം പനയന്നാർകാവിൽ കുടികൊള്ളും എന്നും പ്രശ്നത്തിൽ കാണുകയുണ്ടായി. കാലങ്ങൾ പലത് കഴിഞ്ഞിട്ടും ചടങ്ങുകൾ ഇന്നും മുടങ്ങാതെ നിലകൊള്ളുന്നു.ഭക്തിസാന്ദ്രമായ ആറ്റിൽ ചാട്ടം ചടങ്ങ് കാണാൻ നൂറുകണക്കിന് ഭക്തജനങ്ങളാണ് തിരുവല്ല-മാവേലിക്കര സംസ്ഥാനപാതയിലെ മാന്നാർ ടൗണിലുള്ള പടനിലം മാർക്കറ്റ് ജംഗ്‌ഷനിൽ എത്തിയത്.