മാവേലിക്കര: ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പുകൾ 28ന് ആരംഭിക്കാനിരിക്കെ അതു സംബന്ധിച്ച അവ്യക്തതകളും ആശങ്കകളും തുടരുകയാണ്. ഒരു ദിവസം 26 പേപ്പർ മൂല്യനിർണയം നടത്തേണ്ടിടത്ത് 34 പേപ്പറും 20ന് പകരം 30 പേപ്പറും നോക്കണമെന്നായിരുന്നു വകുപ്പ് നിർദ്ദേശം. എന്നാൽ അദ്ധ്യാപക സംഘടനകളുടെ സമര പ്രഖ്യാപനത്തോടെ വിദ്യാഭ്യാസ മന്ത്രി തീരുമാനം മാറ്റിയതായി പ്രസ്താവിക്കുകയും ചെയ്തു. എന്നാൽ പരീക്ഷാ സെന്ററുകളിൽ 34 പേപ്പർ ഒരു ദിവസം എന്ന കണക്കിൽ 17 പേപ്പറുകളുടെ കെട്ടുകളായാണ് പായ്ക്ക് ചെയ്തിട്ടുള്ളത്. പരീക്ഷാ ചീഫുമാരുടേയും അസിസ്റ്റന്റുമാരുടേയും എണ്ണത്തിലും അവർ ചെയ്യേണ്ടുന്ന ജോലികൾ സം‌ബന്ധിച്ചും അവ്യക്തതകൾ നിലനില്ക്കുകയാണ്. ക്യാമ്പ് ഡ്യൂട്ടിയിലുള്ള അദ്ധ്യാപകരും ആശങ്കയിലാണ്. ഈ അവസരത്തിൽ കുട്ടികളുടെ ഭാവി ഭാഗധേയം നിർണ്ണയിക്കുന്ന രണ്ടാം വർഷ പരീക്ഷയായതിനാൽ അവ്യക്തതകൾ അകറ്റി മൂല്യനിർണ്ണയം കാര്യക്ഷമമാക്കണമെന്ന് എ.എച്ച്.എസ്.ടി.എ മാവേലിക്കര വിദ്യാഭ്യാസ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. എ.എച്ച്.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.മനോജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കലാസാംസ്കാരിക വിഭാഗം കൺവീനർ വർഗീസ് പോത്തൻ അദ്ധ്യക്ഷനായി. അജു പി.ബഞ്ചമിൻ, ബിനു കെ.സാമുവൽ, കെ.സിദ്ധിഖ്, ഡാനിയൽ ജോർജ്, ജോസഫ് സാമുവൽ, കെ.ഷൗക്കത്ത്, ഷൈനി തോമസ്, മിനി സൂസൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.