മാവേലിക്കര: തെക്കേക്കര പഞ്ചായത്തിലെ വരേണിക്കൽ വാർഡിൽ സംസ്ഥാന സർക്കാരിന്റെ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി ചെലവിട്ട് നവീകരിക്കുന്ന തെറ്റിക്കുഴി കോളനിയിൽ നടന്ന സങ്കേതതല യോഗം എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോളനിയിലെ കമ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻകുമാർ അദ്ധ്യക്ഷനായി. മാവേലിക്കര പട്ടികജാതി വികസന ഓഫീസർ ആ. രാജേഷ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്തംഗം മഞ്ജുളാ ദേവി, ബ്ലോക്ക് പഞ്ചായത്തംഗം ഗിരിജ രാമചന്ദ്രൻ, തെക്കേക്കര പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ.ജി.അജയകുമാർ, മുൻ വൈസ് പ്രസിഡന്റ് ടി.വിശ്വനാഥൻ, മുൻ പഞ്ചായത്തംഗം എസ്.ആർ ശ്രീജിത്ത്, യൂത്ത് കോർഡിനേറ്റർ വിഷ്ണു ഗോപിനാഥ്, സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ഉപദേശക സമിതിയംഗം രാമചന്ദ്രൻ മുല്ലശ്ശേരി, ജില്ലാ നിർമിതി കേന്ദ്രം പ്രൊജക്ട് മാനേജർ കെ.ജെ.പെന്റാലിയോൺ എന്നിവർ സംസാരിച്ചു. കോളനിയിൽ ആവശ്യമായ വീടുകളുടെ പുനരുദ്ധാരണം, പൊതു കിണറുകളുടെ മെയിന്റനൻസ്, റോഡുകളുടെ പുനരുദ്ധാരണം, കമ്യൂണിറ്റിഹാളിന്റെ വൈദ്യുതീകരണം, പ്ലമ്പിംഗ്, ടോയ്ലറ്റ് നിർമാണം എന്നിവയാണ് പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ.