
മാന്നാർ: പ്രഭാതംമുതൽ പ്രദോഷംവരെ സ്രഷ്ടാവിനുവേണ്ടി അന്നപാനീയങ്ങൾ വെടിഞ്ഞ് മനസുംശരീരവും ചിന്തകളുമെല്ലാം ശുദ്ധീകരിക്കുകയാണ് പുണ്യറംസാനിലെ നോമ്പിലൂടെ വിശ്വാസിസമൂഹം. നോമ്പുപോലെ തന്നെ പുണ്യമാക്കപ്പെട്ട നോമ്പുതുറയിൽ ഒഴിച്ചുകൂടാൻ കഴിയാത്തവിഭവമാണ് നോമ്പുകഞ്ഞി. മുസ്ലിംപള്ളികളിൽ നോമ്പ്കഞ്ഞി ഉണ്ടാക്കി വിതരണം ചെയ്യുന്നത് സാധാരണമാണ്. രുചിയിലും ഗുണത്തിലും ഏറെ പ്രസിദ്ധമായ മാന്നാർ പുത്തൻപള്ളിയിലെ നോമ്പുകഞ്ഞി. നോമ്പിന്റെ ക്ഷീണംമാറ്റി ഉണർവുംഉൻമേഷവും നൽകുന്ന ഔഷധഗുണമുള്ള കഞ്ഞി വാങ്ങുവാൻ മാന്നാറിലും പരിസരപ്രദേശങ്ങളിലുമുള്ള നാനാജാതി മതസ്ഥരും പുത്തൻപള്ളിയിലേക്കെത്തും. വൈകിട്ട് നാലരമുതൽ കഞ്ഞിവിതരണം ആരംഭിക്കും. അരി, ചുക്ക്, കുരുമുളക്, വെളുത്തുള്ളി, ആശാളി, ഉലുവ, ജീരകം, ചുമന്നുള്ളി, മഞ്ഞൾ, ഉപ്പ്, കറിവേപ്പില, വെളിച്ചെണ്ണ, തേങ്ങ തുടങ്ങി ഒട്ടനവധി ചേരുവകൾ ചേർന്ന കഞ്ഞി കുടിക്കുമ്പോൾ തന്നെ ശരീരവും മനസും നിറയും.നോമ്പുതുറക്ക് ഈന്തപ്പഴവും വെള്ളവും കഴിഞ്ഞാൽ വിശിഷ്ടമായ ഈ ഔഷധക്കഞ്ഞിയാണ് ആവശ്യം. മാന്നാർ പുത്തൻപള്ളിയിൽ 70കിലോയോളം അരി നോമ്പുകഞ്ഞിക്കായി ദിവസവും വേണ്ടിവരുന്നുണ്ടെന്ന് ജമാഅത്ത് ഭാരവാഹികൾ പറഞ്ഞു. ഇതിനാവശ്യമായ തുക ജമാഅത്ത്അംഗങ്ങളും സഹോദര സമുദായാംഗങ്ങളിൽപെട്ടവരും നൽകുകയാണ് ചെയ്യുന്നത്. മാന്നാർ ആലുമ്മൂട്ടിൽ പരേതനായ സെയ്ത് മുഹമ്മദിന്റെ മകൻ മുഹമ്മദ്റാഫി (51)യാണ് നോമ്പ്കഞ്ഞിയുടെ രുചിയും തനിമയും പാരമ്പര്യമായി നിലനിർത്തിപ്പോരുന്നത്. പിതാവ് സെയ്ദ് മുഹമ്മദിനോടൊപ്പം നന്നേ ചെറുപ്പത്തിൽതന്നെ നോമ്പുകഞ്ഞി തയ്യാർചെയ്ത വന്നിരുന്ന റാഫി മൂന്നരപതിറ്റാണ്ടായി ഈമേഖലയിലുണ്ട്. കാറ്ററിംഗ്, പെയിന്റിംഗ് മേഖലകളിൽ ജോലി ചെയ്യുന്ന മുഹമ്മദ് റാഫി റംസാൻ എത്തിയാൽ മറ്റുജോലികൾ മാറ്റിവെച്ച് ഒരുമാസക്കാലം നോമ്പുകഞ്ഞിയുടെ പാചകപ്പുരയിലായിരിക്കും.