
അമ്പലപ്പുഴ: സമയത്ത് കൊയ്ത്ത് യന്ത്രം എത്താത്തതിനെ തുടർന്ന് അമ്പലപ്പുഴ തെക്ക് കൃഷിഭവനിലെ പുളിക്കൽ പാടശേഖരത്തെ കൃഷി നശിച്ചു. 72 ഏക്കർ വരുന്ന പാടശേഖരത്ത് 55 കർഷകരാണ് ഉള്ളത്.90 ദിവസം കഴിഞ്ഞ് കൊയ്യേണ്ട നെല്ല് 105 ദിവസം കഴിഞ്ഞിട്ടും കൊയ്ത്ത് യന്ത്രം എത്താതിരുന്നതിനാൽ കതിര് വീണ് നശിക്കുകയായിരുന്നു. ഇടിക്കിടെ എത്തിയ വേനൽമഴയും വിനയായി. മഴയിൽ നെല്ല് വീണ് കിളിർക്കുകയും ചെയ്തു.ബ്ലോക്കിലും, കൃഷിഭവനിലും അപേക്ഷ നൽകിയിട്ടും സമയത്ത് യന്ത്രം ലഭിക്കാതിരുന്നതാണ് കൃഷി നശിക്കാൻ കാരണം. ഏക്കറിന് 36000 രൂപ വരെ ചെലവഴിച്ചാണ് കർഷകർ കൃഷി ഇറക്കിയത്.ഭൂരിഭാഗം കർഷകരും ബാങ്കിൽ നിന്നും, പലിശക്കും പണം എടുത്താണ് കൃഷി നടത്തിയത്.70 ശതമാനത്തോളം കൃഷി നശിച്ചതിനാൽ ഇനി കൊയ്തിതിട്ടും പ്രയോജനമില്ലെന്നാണ് കർഷകർ പറയുന്നത്.കഴിഞ്ഞ രണ്ടു വർഷവും വെള്ളം കയറി പാടശേഖരത്തെ കൃഷി നശിച്ചിട്ടും സർക്കാരിന്റെ ആനുകൂല്ല്യങ്ങളൊന്നും ലഭിച്ചില്ലെന്നും കർഷകർ പറയുന്നു. ബാങ്കുകാരുടേയും ,പലിശക്കാരുടേയും ശല്യം കാരണം ആത്മഹത്യയുടെ വക്കിലാണെന്നും സർക്കാർ ധനസഹായം ലഭിച്ചില്ലെങ്കിൽ മറ്റു മാർഗമില്ലെന്നുമാണ് കർഷകർ പറയുന്നത്.