ആലപ്പുഴ: ചൊവ്വാഴ്ച്ച രാത്രി 10.15 മണി. ഒരു കൂട്ടം വീട്ടമ്മമാരുടെ സംഘം ബക്കറ്റുകളിലും കവറുകളിലുമാക്കിയ അടുക്കളമാലിന്യവുമായി റെയിൽവേ സ്റ്റേഷൻ റോഡിലെ പൊതുനിരത്തിലൂടെ സഞ്ചരിക്കുകയാണ്. ആളൊഴിഞ്ഞപ്രദേശത്തെത്തിയപ്പോൾ സകല മാലിന്യങ്ങളും റോഡിൽ തട്ടി. തൊട്ടുപിന്നാലെ നഗരസഭാ നൈറ്റ് സ്ക്വാഡിന്റെ കാമറാകണ്ണുകൾ പിന്തുടരുന്നത് അറിയാതെയെയായിരുന്നു വീട്ടമ്മമാരുടെ സാഹസം. ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ, മാലിന്യം പിറ്റേ ദിവസം രാവിലെ മുനിസിപ്പാലിറ്റി വണ്ടി വന്ന് കൊണ്ടുപൊയ്ക്കോളുമെന്നായിരുന്നു ഉത്തരം. ഇവരുൾപ്പടെ 52 പേരാണ് ഇതുവരെ നൈറ്റ് സ്ക്വാഡിന്റെ വലയിൽ കുരുങ്ങി പിഴയടച്ചത്. മാർച്ച് 9 മുതലാണ് നഗരത്തിലെ മാലിന്യ ഹോട്ട് സ്പോട്ടുകൾ കേന്ദ്രീകരിച്ച് ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ നൈറ്റ് സ്ക്വാഡ് പ്രവർത്തിക്കുന്നത്. ആദ്യ ഘട്ടത്തിൽ വിവിധ ടീമുകൾ ഇറങ്ങിയിരുന്നു. നിലവിൽ ഒരു ഹെൽത്ത് ഇൻസ്പെക്ടറും ജീവനക്കാരുമടങ്ങുന്ന ടീം ഓരോ ദിവസം, ഓരോ ഏരിയ കേന്ദ്രീകരിച്ചാണ് പരിശോധനയ്ക്ക് ഇറങ്ങുന്നത്.

..............

# നൈറ്റ് സ്ക്വാഡ് പിടികൂടിയവർ - 52

......

നിത്യേന പിടിക്കപ്പെടുന്നവർ പിഴ ഒഴിവാക്കിത്തരണം എന്നു പറഞ്ഞ് കാണാനെത്തുന്നുണ്ട്. ഒരു വിട്ടു വീഴ്ചയും ഇല്ല. നഗരത്തിലെ 50000 വീട്ടുകാരും നിത്യേന ഓരോ മാലിന്യ കിറ്റ് പൊതുവഴിയിൽ ഇടാൻ തുടങ്ങിയാൽ സ്ഥിതി ഗുരുതരമാകും.

(സൗമ്യ രാജ്,​ നഗരസഭ ചെയർ പേഴ്സൺ)​