akhil

ആലപ്പുഴ: ആശങ്കകളും ഭയപ്പാടും നിറഞ്ഞ 110 ദിനരാത്രങ്ങൾ താണ്ടി ജന്മനാട്ടിൽ തിരിച്ചത്തിയതിന്റെ ആശ്വാസത്തിലാണ് ചേപ്പാട് ഏവൂർ ചിറയിൽ പടീറ്റതിൽ വീട്ടിൽ അഖിൽ രഘു (26). ഹൂതി വിമതരുടെ തടങ്കലിൽ നിന്ന് മോചിതനായ അഖിൽ ചൊവ്വാഴ്ച്ച രാത്രി 12ഓടെയാണ് വീട്ടിലെത്തിയത്. ''ഉടനൊന്നും മടങ്ങിവരാനാകുമെന്ന് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു, ഉറക്കമില്ലാതായിട്ട് മാസങ്ങളായി അഖിലിന്റെ വാക്കുകൾ മുറിഞ്ഞ് പോകുകയാണ്. ആദ്യം ഡോക്ടറെ കണ്ട് ശാരീരിക മാനസികാരോഗ്യം വീണ്ടെടുക്കണം'' അമ്മ ശുഭയുടെ കൈകൾ ചേർത്തുപിടിച്ച് അഖിൽ പറയുമ്പോൾ സങ്കടകടൽ മുഖത്ത് നിഴലിക്കുകയാണ്. ജനുവരി 2ന് രാത്രി 11.45നാണ് യു.എ.ഇ ചരക്കു കപ്പലായ റവാബിയിലെ കേഡറ്റ് അഖിലടക്കമുള്ള 11 ജീവനക്കാരെയും ഹൂതി വിമതർ തടങ്കലിലാക്കിയത്. അബുദാബി - സുഖോത്ര ദ്വീപിലേക്ക് ചരക്കുമായി പോകുകയായിരുന്നു. ആദ്യ മൂന്ന് ട്രിപ്പുകൾക്ക് പ്രശ്‌നമില്ലായിരുന്നു. അവസാന ട്രിപ്പിനിടെയാണ് പതിനാലോളം ബോട്ടുകളിൽ ആയുധധാരികൾ കപ്പലിനെ വളഞ്ഞ് വെടിയുതിർത്തത്. ആ നിമിഷങ്ങളിൽ സുഹൃത്തായ ശ്രീജിത്തിനെ കെട്ടിപിടിച്ച് നിന്ന് ജീവന് വേണ്ടി പ്രാർത്ഥിക്കുകയായിരുന്നുവെന്ന് അഖിൽ പറയുന്നു. മൂന്ന് മലയാളികളടക്കം ഏഴ് ഇന്ത്യക്കാരാണ് ജീവനക്കാരിലുണ്ടായിരുന്നത്. എല്ലാവരെയും ചെറിയ ബോട്ടുകളിൽ കയറ്റി ഹുദൈദ എന്ന സ്ഥലത്തെ ഹോട്ടലിൽ എത്തിച്ചു. ജീവനക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്ന് വ്യക്തമായതോടെ വിമതർ അയഞ്ഞു. അവരുടെ ലക്ഷ്യം എമിറേറ്റ്സിന്റെ കപ്പൽ മാത്രമായിരുന്നു. ഉപദ്രവിക്കില്ലെന്ന് ഉറപ്പ് നൽകി. പത്ത് ദിവസത്തിലൊരിക്കലായിരുന്നു അഞ്ച് മിനിട്ട് വീട്ടിലേക്ക് വിളിക്കാൻ അനുമതി. രണ്ടാഴ്ച ഹോട്ടലിൽ താമസവും രണ്ടാഴ്ച വിമതർക്ക് കപ്പൽ പ്രവർത്തനത്തിന്റെ പാഠങ്ങൾ പഠിപ്പിച്ച് കൊടുക്കുകയുമായിരുന്നു രീതി. ഹോട്ടലിൽ താമസിക്കുന്നതിനിടെ പരിസരത്ത് മൈൻ പൊട്ടി നിരവധിപ്പേർ മരിച്ചുവീഴുന്നതിന് സാക്ഷിയായി. യുക്രെയിനിൽ യുദ്ധമുണ്ടായത് ടി.വി വാർത്തകളിലൂടെയാണ് അറിഞ്ഞത്. ഭാര്യ ജിതിന കീവ് യൂണിവേഴ്സിറ്റിയിലെ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയായിരുന്നു. മൂന്ന് ദിവസം പട്ടിണി കിടന്ന് ആത്മഹത്യാഭീഷണി മുഴക്കിയാണ് ഭാര്യയോട് സംസാരിക്കാൻ കഴിഞ്ഞത്. ജിതിന യു.എന്നിലേക്ക് നിരന്തരം മെയിലുകൾ അയച്ചുകൊണ്ടിരുന്നു. അതോടെ ഭാര്യയുമായി സംസാരിക്കാൻ കൂടുതൽ സമയം ലഭിച്ചു. റംസാൻ ആരംഭിച്ചതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്. 22ന് രാത്രി പുറപ്പെടാനുള്ള അറിയിപ്പ് ലഭിച്ചു. യുദ്ധം മൂലം ഏഴ് വർഷങ്ങളായി കൊമേഷ്സ്യൽ ഫ്ലൈറ്റുകൾ പുറപ്പെട്ടിട്ടില്ലാത്ത സന വിമാനത്താവളത്തിൽ അഖിലടക്കമുള്ള സംഘത്തിന് വേണ്ടി ഒമാൻ സർക്കാർ പ്രത്യേക വിമാനമിറക്കി. യുദ്ധക്കെടുതിയിൽ നിന്ന് കരകയറിയ ജിതിനയും, വിമതരുടെ പിടിയിൽ നിന്ന് രക്ഷപെട്ട അഖിലും നഷ്ടപ്പെട്ടുപോയ സന്തോഷ ദിനങ്ങളെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. അച്ഛൻ രഘു, അമ്മ ശുഭ, ജ്യേഷ്ഠൻ റവാബി കപ്പിലിലെ അസിസ്റ്റന്റ് എൻജിനീയർ രാഹുൽ, ഭാര്യ ശിഖ എന്നിവരും ഒപ്പമുണ്ട്.