മാവേലിക്കര: കെ.പി റോഡിലെ സ്വകാര്യബസുകളുടെ മത്സരയോട്ടത്തിനെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ് നടപടിയിൽ വകുപ്പ് അധികൃതർ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മാവേലിക്കര ജോയിന്റ് ആർ.ടി.ഒ ഡാനിയൽ സ്റ്റീഫന്റെ നിർദ്ദേശ പ്രകാരം വകുപ്പ് ഉദ്യോഗസ്ഥർ കെ.പി റോഡിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ അപകടകരമായ വിധം വാഹനം ഓടിച്ച രണ്ട് ഡ്രൈവർമാരുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. കൂടാതെ യൂണിഫോം ധരിക്കാത്ത കണ്ടക്ടർമാർ, ഡ്രൈവർമാർ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ബസുകളുടെ മത്സര ഓട്ടത്തെ കുറിച്ച് പൊതുജനങ്ങളിൽ നിന്നും വിവിധ പരാതികൾ ലഭിച്ചിരുന്നതായി ജോയിന്റ് ആർ.ടി.ഒ അറിയിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പെർമിറ്റിന് മേൽ നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. പരിശോധനയിൽ എം.വി.ഐമാരായ സുബി.എസ്, അജിത്ത് കുമാർ.സി.ബി, എ.എം.വി.ഐമാരായ ഗുരുദാസ്, സജു.പി ചന്ദ്രൻ, സുനിൽകുമാർ, പ്രസന്നകുമാർ എന്നിവർ പങ്കെടുത്തു.