മാവേലിക്കര: കണ്ടിയൂരിൽ ഭർത്താവിന്റെ വീട്ടിൽ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളുടെ പരാതിയിൽ മാവേലിക്കര പൊലീസ് കേസെടുത്തു. കണ്ടിയൂർ കടുവിനാൽ പറമ്പിൽ ജിജോയുടെ ഭാര്യ ബിൻസിയാണ് (30)മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. വീടിന്റെ ചേർന്നുള്ള പലചരക്ക് കട തുറക്കാൻ പോയ ജിജോ 8.45ന് തിരികെ വീട്ടിലെത്തിയപ്പോൾ കിടപ്പുമുറിയിലെ കട്ടിലിന് താഴെ കിടക്കുന്ന നിലയിൽ ബിൻസിയെ കണ്ടതായി പറയുന്നു. മരിച്ച നിലയിൽ ബിൻസിയെ കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. ഇതിന് ശേഷമേ സംഭവത്തിന്റെ നിജസ്ഥിതി പറയാനാവൂയെന്ന് പൊലീസ് അറിയിച്ചു.