
മാന്നാർ: ഗ്രാമപഞ്ചായത്തിൽ 2021-22 പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടര ലക്ഷം രൂപ ചെലവഴിച്ച് 28 പേർക്ക് ശ്രവണ സഹായി വിതരണം ചെയ്തു. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ സഹായത്താൽ മെഡിക്കൽ ക്യാമ്പ് നടത്തി പരിശോധനയിലൂടെ കണ്ടെത്തിയ കേൾവി ശക്തി കുറവുള്ളവർക്കാണ് ശ്രവണ സഹായികൾ വിതരണം ചെയ്തത്. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി യോഗം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ സലിം പടിപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ ബി.കെ പ്രസാദ് ശ്രവണ സഹായികളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ശാലിനി രഘുനാഥ്, വൽസല ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.ആർ ശിവപ്രസാദ്, സുജാത മനോഹരൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.പി ബിജു, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജെ.ജ്യോതി, കുമാരി ടീച്ചർ എന്നിവർ സംസാരിച്ചു.