ആലപ്പുഴ: നഗരത്തിൽ സുരക്ഷാ കാമറകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച് വ്യാപാരി വ്യവസായി സംഘടനകൾ, റോട്ടറി ക്ലബ്ബ്, റെസിഡൻസ് അസോസിയേഷനുകൾ, പൊലീസ്, ധനകാര്യ സ്ഥാപനങ്ങൾ എന്നിവരുടെ യോഗം നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കാമറകൾ സ്ഥാപിക്കുന്നതിന്റെ ആവശ്യകത യോഗം അംഗീകരിച്ചു. മാലിന്യം വലിച്ചെറിയുന്നതും, മോഷണങ്ങൾ, ആക്രമണങ്ങൾ തുടങ്ങിയവ തടയുന്നതിന് ആവശ്യമായ രീതിയിൽ നിലവിൽ വ്യാപാരസ്ഥാപനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കാമറകൾ പരമാവധി റോഡിലേക്ക് തിരിച്ച് വെയ്ക്കുന്നതിനുള്ള ഇടപെടലുകൾ നടത്താൻ കഴിയണമെന്ന് യോഗം തീരുമാനിച്ചു. നഗരത്തിലെ മുഴുവൻ സംഘടനകളെയും, വ്യാപാരികളെയും, ജനപ്രതിനിധികളെയും, പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ രീതിയിൽ മേയ് ആദ്യ വാരം യോഗം കൂടി തീരുമാനം കൈക്കൊള്ളുമെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് അറിയിച്ചു.
നഗരസഭാദ്ധ്യക്ഷയുടെ ചേംബറിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീനരമേശ്, ആർ.വിനിത, ആലപ്പുഴ ഡി.വൈ.എസ്.പി എൻ.ആർ.ജയരാജ്, പൊലീസ് ഇൻസ്‌പെക്ടർ അരുൺ.എസ്, അസി.സബ് ഇൻസ്‌പെക്ടർ എൻ.സുരേഷ്, സി.പി.ഒ സേതു കെ.ടി, വ്യാപാരി വ്യവസായി സമിതി ഭാരവാഹികളായ സുമേഷ്‌കുമാർ, നൗഷാദ് രാജ, ലോട്ടറിയൂണിയൻ ഭാരവാഹികളായ നവാസ്.ആർ, ബി.അഫ്‌സൽ, റോട്ടറി ക്ലബ് ഭാരവാഹി വർഗീസ് കുരിശിങ്കൽ, ബി.നസീർ, വ്യാപാരിവ്യവസായി ഫെഡറേഷൻ, കേരളസ്റ്റേറ്റ് ബാർബേഴ്‌സ് അസോസിയേഷൻ ഭാരവാഹികളായ എസ്.മോഹനൻ, സൈജു, ഹെൽത്ത് ഓഫീസർ കെ.പി.വർഗീസ്, പി.എ.ടു സെക്രട്ടറി എം.വേണു എന്നിവർ പങ്കെടുത്തു.