വള്ളികുന്നം: ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് ഉപ തിരഞ്ഞെടുപ്പിൽ പത്രിക സമർപ്പണം പൂർത്തിയായി. വള്ളികുന്നം മണയ്ക്കാട് ഡിവിഷനിലെ അംഗമായിരുന്ന അഡ്വ.എസ്.രാജേഷിന്റെ മരണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി.അഭിലാഷ് കുമാർ, യു.ഡി.എഫ് സ്ഥാനാർത്ഥി സുഹൈർ ,എൻ.ഡി.എ സ്ഥാനാർത്ഥി ഹരീഷ് കാട്ടൂർ, വി.ചന്ദ്രബോസ് ( സ്വതന്ത്രൻ), എന്നിവരാണ് ഉപവരണാധികാരിയായ ഭരണിക്കാവ് ബി.ഡി.ഒ ദിൽഷാദ് മുൻപാകെ പത്രിക സമർപ്പിച്ചത്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 176 വോട്ടിനായിരുന്നു യു.ഡി.എഫിലെ എസ്.വൈ.ഷാജഹാനെ എൽ.ഡി.എഫിലെ അഡ്വ.എസ്.രാജേഷ് തോൽപ്പിച്ചത്.30 നാണ് വോട്ടെടുപ്പ്.

യൂത്ത് കോൺഗ്രസ് നേതാക്കൾ രാജിവച്ചു

വള്ളികുന്നം: മണയ്ക്കാട് ബ്ളോക്ക് ഡിവിഷൻ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി കോൺഗ്രസിൽ കലാപം .നിയോജക മണ്ഡലം ഭാരവാഹികളായ ജലീൽ അരീക്കര ,പേരൂർ വിഷ്ണു, സുബിൻ മണയ്ക്കാട്, എബിൻ ബേബി, അഖിൽ വള്ളികുന്നം എന്നിവർ സ്ഥാനം രാജിവച്ചു. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി സുഹൈറിനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് രാജി.വിജയ സാദ്ധ്യതയുള്ള ബ്ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി നന്ദനം രാജൻ പിള്ള, യൂത്ത് കോൺഗ്രസ് നേതാവ് ജലീൽ അരീക്കര എന്നിവരെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതാണ് കാരണമെന്ന് നേതൃത്വത്തിന് കൊടുത്ത പരാതിയിൽ ഇവർ പറയുന്നു. രാജിവെച്ചവർ നിലവിൽ ഭാരവാഹികളല്ലെന്ന് ജില്ല പ്രസിഡന്റ് ടിജിൻ ജോസഫും നിയോജക മണ്ഡലം പ്രസിഡന്റ് മനു ഫിലിപ്പും പറഞ്ഞു.