
മാവേലിക്കര: കേരളീയ സമൂഹത്തിൽ ഗുരുദേവ ദർശനങ്ങൾ പ്രവൃത്തി പഥത്തിലെത്തിച്ച കർമ്മയോഗിയായിരുന്നു ദേശാഭിമാനി ടി.കെ.മാധവനെന്ന് ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് കെ.പി രാധാകൃഷ്ണൻ പറഞ്ഞു. ടി.കെ.മാധവന്റെ 92ാം സ്മൃതിദിനമായ ഏപ്രിൽ 27 ന് മാവേലിക്കരയിലെ സമാധി മണ്ഡപത്തിൽ സംഘടിപ്പിച്ച പുഷ്പാർച്ചനയിലും അനുസ്മരണ സമ്മേളനത്തിലും മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഹൈന്ദവ ഐക്യത്തിന് വഴിവിളക്ക് തെളിച്ച് ഉദാത്ത മാതൃക കാട്ടിയ നിയോഗ പുരുഷനും ശ്രീനാരായണ ഗുരുദേവന്റെ മനസറിഞ്ഞതും അദ്ദേഹത്തിന്റെ ദർശനങ്ങൾ പ്രവൃത്തിപഥത്തിലെത്തിച്ചതുമായ പുണ്യാത്മാവായിരുന്നു ടി.കെ.മാധവനെന്നും അദ്ദേഹം അനുസ്മരിച്ചു. ടി.കെ മാധവന്റെ പൗത്രൻ ഡോ.ഗംഗാധരൻ, ആർ.എസ്.എസ് ജില്ല സംഘചാലക് ഡി.ദിലീപ്, ഹിന്ദുഐക്യവേദി സംസ്ഥാന സമിതി അംഗം വിനോദ് ഉമ്പർനാട്, താലൂക്ക് പ്രസിഡൻ്റ് രാധാകൃഷ്ണ പണിയ്ക്കർ, ജനറൽ സെക്രട്ടറി പി.സൂര്യകുമാർ, ട്രഷറർ ജനാർദ്ധന കാരണവർ, ടി.കെ.മാധവന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.