മാവേലിക്കര: നഗരസഭയുടെ കെട്ടിടത്തിൽ വ്യവസായ വികസന ഓഫീസിന്റെ പ്രവർത്തനം ആരംഭിച്ചു. മുൻസിപ്പൽ ചെയർമാൻ കെ.വി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്‌ഥിരം സമിതി അധ്യക്ഷൻ അനി വർഗീസ് അദ്ധ്യക്ഷനായി.
സ്വയ സംരംഭങ്ങൾ ആരംഭിക്കുവാൻ താല്പര്യമുള്ള നഗരസഭാ പരിധിയിലുള്ളവർക്ക് മാർഗനിർദേശങ്ങൾ ഇനി മുതൽ ഇവിടെ നിന്നും ലഭിക്കും. മിനി സിവിൽ സ്റ്റേഷനിൽ നിന്നും ലഭിച്ചിരുന്ന നഗരസഭാ വ്യവസായ ഓഫീസറുടെ സേവനങ്ങൾ ഇനി മുതൽ തിങ്കൾ, ബുധൻ ദിവസങ്ങളിൽ നഗരസഭാ ഓഫീസിൽ നിന്നു തന്നെ ലഭിക്കും. കൂടാതെ സാങ്കേതിക യോഗ്യതയുള്ള ഇന്റേണുകളുടെ സേവനവും ഉണ്ടാകും.
വ്യവസായ വകുപ്പ്, കെ.എഫ്.സി, പട്ടികജാതി വികസന വകുപ്പ്, കുടുംബശ്രീ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, നോർക്ക, വനിതാ വികസന കോർപറേഷൻതുടങ്ങി വിവിധ വകുപ്പുകൾ വ്യവസായ സംരംഭകർക്കുനൽകുന്ന സബ്‌സിഡികൾ, ബാങ്ക് വായ്പ്പകൾ എന്നിവയെ കുറിച്ചറിയുവാനും വ്യവസായ പ്രൊജെക്റ്റുകൾ തയാറാക്കുന്നതിനുള്ള മാർഗ്ഗനിർദേശങ്ങൾ ലഭിക്കുവാനും കെ-സ്വിഫ്റ്റ്, ഉദ്യം റെജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങൾക്കും വ്യവസായ വികസന ഓഫീസിനെ സമീപിക്കാം. സംരംഭം ആരംഭിക്കാൻ താല്പര്യമുള്ള വ്യക്തികൾക്ക് നഗരസഭയുടെ കുടുംബശ്രീ ഓഫീസിനു മുകൾ നിലയിൽ പ്രവർത്തിക്കുന്ന വ്യവസായ വികസന ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടാം.