1
കൈനകരി വികസന സമിതി പ്രസിഡന്റ് വി കെ വിനോദ്

കുട്ടനാട്: പ്രധാന ജംഗ്ഷനുകളിലെ റോഡ് നിർമാണം എ.സി റോഡിലെ വാഹനയാത്ര ദുരിതപൂർണമാക്കുകയാണ്. പൊടിശല്യവും ഗതാഗതക്കുരുക്കും യാത്രക്കാരെ ശ്വാസംമുട്ടിക്കുന്നതാണ് പ്രശ്നമായിരിക്കുന്നത്.

മാസങ്ങൾ കഴിഞ്ഞിട്ടും പ്രധാന ജംഗ്ഷനുകളായ പള്ളാത്തുരുത്തി നെടുമുടി മങ്കൊമ്പ്, ഒന്നാങ്കര, രാമങ്കരി കിടങ്ങറ, മനയ്ക്കച്ചിറ തുടങ്ങിയ ഇടങ്ങളിലെ റോഡ് നിർമാണം പൂർത്തിയായിട്ടില്ല. ഇക്കാലയളവിൽ ഈ മേഖലകളിലുണ്ടായ അപകടങ്ങൾ മുൻകാലങ്ങളിലേതിനേക്കാൾ ഇരട്ടിയിലധികമായി ഉയർന്നുവെന്ന് ബന്ധപ്പെട്ടവർ പറയുന്നു.

പ്രശ്നങ്ങൾക്ക് പരിഹാരം കാണാനോ ഫലപ്രദമായ സംവിധാനങ്ങളൊരുക്കാനോ ബന്ധപ്പെട്ടവർ തയ്യാറാകാത്തത് പ്രശ്നം രൂക്ഷമാക്കുന്നു. പകൽ വളരെ ചൂടേറിയ സമയങ്ങളിൽ പോലും റോഡ് നനയ്ക്കുന്നത് പേരിന് മാത്രമായി ചുരുങ്ങി. ഇതോടെ റോഡിലെവിടെയും പൊടിയാർക്കുന്ന സ്ഥിതിയാണ്. ടൂവീലറുകളിലും കെ. എസ്.ആർ.ടി.സി ബസുകളിലും മറ്റും സഞ്ചരിക്കുന്ന യാത്രക്കാരാണ് ഇതിന്റെ കെടുതികളേറെയുമനുഭവിക്കുന്നത്. സ്റ്റോപ്പുകളിലും മറ്റും ബസ് നിർത്തുമ്പോൾ യാത്രക്കാർ ഒന്ന് ശ്വാസമെടുക്കാൻ പോലും കഴിയാതെ ബുദ്ധിമുട്ടുന്നുവത്രെ. ഗ്ലാസ് കവർ ഇല്ലാത്ത ഹെൽമറ്റ് ധരിച്ച് യാത്ര ചെയ്യുന്ന ടൂവീലറുകാരുടെ കണ്ണിലേയ്ക്ക് പൊടിഅടിച്ചുകയറുന്നത് ഇവർ അപകടത്തിൽ പെടുന്നതിനു തന്നെ കാരണമാകുന്നു.

എലിവേറ്റഡ് പാതയുടെ നിർമ്മാണം പുരോഗമിക്കുന്ന എല്ലാ ജംഗ്ഷനുകളിലും ഒരു വശത്തുകൂടി മാത്രമാണ് വാഹനങ്ങൾ കടന്നുപോകുന്നത്. എന്നാൽ ഇവിടങ്ങളിൽ കൃത്യമായ നിയന്ത്രണസംവിധാനങ്ങൾ ഒരുക്കാത്തത് മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിനും വൻ സമയനഷ്ടത്തിനും പലപ്പോഴും കാരണമാകുന്നതായും യാത്രക്കാരുടെ ആക്ഷേപം ശക്തമാണ്.

.................................................

പല ജംഗ്ഷനുകളിലായി പൊളിച്ചിട്ടിരിക്കുന്ന റോഡിൽ ഒരു സ്ഥലത്തും മതിയായ വെളിച്ചമോ സിഗ്നൽ ലൈറ്റുകളോ സ്ഥാപിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറായിട്ടില്ല. ഇത് രാത്രി കാല അപകടങ്ങൾ വർദ്ധിക്കുന്നതിന് പ്രധാന കാരണങ്ങളിലൊന്നാണ്. ടൂവീലറുകളാണ് അപകടത്തിൽപ്പെടുന്നതിലേറെയും. കുറഞ്ഞ പക്ഷം റോഡിലെ കുഴി നികത്തിയിടാനെങ്കിലും തയ്യാറാകണം. അല്ലാത്ത പക്ഷം ദിനം പ്രതി അപകടങ്ങൾ വർദ്ധിക്കുന്നതിന് ഇത് കാരണമാകും

. വിനോദ് കൈനകകരി വികസനസമിതി പ്രസിഡന്റ്

ആലപ്പുഴ നിന്നും ചങ്ങനാശേരിയിൽ നിന്നും എത്തുന്ന വാഹനങ്ങൾ കൃത്യമായും തിരിച്ചുവിടണമെങ്കിൽ പൊലീസിന്റെ ഇടപെടൽ അനിവാര്യമാണ്. അതില്ലാത്തതാണ് ഗതാഗതക്കുരുക്ക് ഇവിടെ പലപ്പോഴും രൂക്ഷമാക്കുന്നത്. അതുപോലെ തന്നെ മാമ്പുഴക്കരിയിൽ എ. സി കനാലിന്റെ ഭൂരിഭാഗവും നികത്തി കഴിഞ്ഞു. ഇത് കാലവർഷത്തിന് മുമ്പ് പൊളിച്ചുമാറ്റുമെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോഴത്തെ സ്ഥിതിയിൽ കാലവർഷം കഴിഞ്ഞാലും അത് പൊളിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ഇതിനെതിരെ ശക്തമായ സമരത്തിന് കോൺഗ്രസ് തയ്യാറാകും

സി.വി രാജീവ്,
കുട്ടനാട് നോർത്ത്

കോൺഗ്രസ് പ്രസിഡന്റ്