മാന്നാർ: ശക്തമായ കാറ്റിലും മഴയിലും വന്മരങ്ങൾ വീണ് കോയിക്കൽകാവ് നാഗരാജക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ കഴിയാതെ ബുദ്ധിമുട്ടിലായ ഭക്തർക്ക് കൗമുദി വാർത്ത തുണയായി.
ക്ഷേത്രത്തിനു മുകളിലേക്കും ക്ഷേത്ര വഴിയിലേക്കും വീണു കിടന്ന വന്മരങ്ങൾ മുറിച്ചുമാറ്റിയും കാടുപടലങ്ങൾ തെളിച്ചും ദേവസ്വം ബോർഡ് ഭക്തരുടെ പ്രശ്നങ്ങൾക്ക് പരിഹാരമേകി. രണ്ടാഴ്ച്ച മുൻപാണ് ശക്തമായകാറ്റിലും വേനൽമഴയിലും വന്മരങ്ങൾ കടപുഴകി വീണത്. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ അധീനതയിലുള്ളതാണ് ഈ ക്ഷേത്രവും കാവും. മരങ്ങൾ കടപുഴകിവീണ് ക്ഷേത്രം കാണാത്തവിധം ശിഖരങ്ങൾ കിടന്നതിനാൽ ഭക്തർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ലായെന്ന കൗമുദിവാർത്തയുടെ അടിസ്ഥാനത്തിൽ തൃക്കുരട്ടി മഹാദേവർക്ഷേത്രത്തിന്റെ ചുമതലയുള്ള ദേവസ്വംമാനേജർ വൈശാഖ് വേണ്ടനടപടികൾ കൈക്കൊള്ളുകയായിരുന്നു.
തൃക്കുരട്ടി മഹാദേവർക്ഷേത്രത്തിന്റെ കീഴൂട്ട് ദേവസ്വമായ കോയിക്കൽകാവും അതിനുള്ളിലെ നാഗരാജ ക്ഷേത്രവും നാശത്തിന്റെ വക്കിലാണെങ്കിലും വർഷംതോറും ആയില്യപൂജയും മറ്റ് വിശേഷാൽപൂജകളും ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ നടത്തിവരാറുണ്ട്. തൃക്കുരട്ടിക്ഷേത്രത്തിൽ നിന്നുമാണ് പൂജ നടത്തിവരുന്നത്. പരിസരവാസികൾ മുടങ്ങാതെ വിളക്ക് കത്തിക്കുകയും ചെയ്യും. കിഴക്ക് ദർശനത്തിലുള്ള നാഗരാജപ്രതിഷ്ഠ തടികൊണ്ട് നിർമ്മിച്ചിട്ടുള്ള പ്രത്യേക ക്ഷേത്രഖണ്ഡത്തിലാണുള്ളത്. തൊട്ടുവടക്ക് വശത്ത് ഉപദേവതാ പ്രതിഷ്ഠകളുമുണ്ട്. മഹാരാജാക്കൻമാരുടെ കാലംതൊട്ട് ആചാരങ്ങൾ നിലനിന്നിരുന്ന ചരിത്രപ്രാധാന്യമുള്ള കോയിക്കൽക്കാവും നാഗരാജ ക്ഷേത്രവും നവീകരിച്ച് സംരക്ഷിക്കണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യം.