മാവേലിക്കര: ചെട്ടികുളങ്ങര ഭഗവതിയുടെ മൂല കുടുംബമായ കൊടുങ്ങല്ലുർ കുരുംബ ദേവീക്ഷേത്രത്തിൽ ചെട്ടികുളങ്ങര ദേശക്കാർ ആചാരപരമായ ദർശനത്തിനും മറ്റ് ചടങ്ങുകൾക്കുമായി ഇന്ന് എത്തി ചേരും. രാവിലെ 7ന് കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ എത്തിചേരുന്ന 13 കരകളുടെ സംഘടനയായ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ട്രസ്റ്റ് ഭാരവാഹികൾ,13 കരനാഥൻമാർ, ദേവസ്വം ഭാരവാഹികൾ, ക്ഷേത്ര പൂജാരിമാർ, ക്ഷേത്ര കാരായ്മ അവകാശികൾ എന്നിവർ ചേർന്ന് കിഴി പണവും, പട്ടുടയാടായും കൊടുങ്ങല്ലുമ്മക്ക് സമർപ്പിക്കും. അതിനു ശേഷം കൊടുങ്ങല്ലുർ ക്ഷേത്ര അവകാശിയായ കൊടുങ്ങല്ലുർ കോവിലകത്തെ ഇപ്പോഴത്തെ തമ്പുരാൻ കുഞ്ഞുണ്ണി രാജ, രാജപ്രതിനിധി സുരേന്ദ്രവർമ്മ രാജ എന്നിവർക്ക് ചെട്ടികുളങ്ങര ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ട്രസ്റ്റ് ഭാരവാഹികൾ കാഴ്ച കുലയും വസ്ത്രവും നൽകും. കൊടുങ്ങല്ലൂരമ്മ ചെട്ടികുളങ്ങര അമ്മയുടെ മാതാവായാണ് സങ്കൽപ്പിക്കുന്നത്. സ്വീകരണ ചടങ്ങുകൾക്ക് ശേഷം ചെട്ടികുളങ്ങര അമ്മയുടെ ദാരുശില്പത്തിന് തടി നൽകിയ ആറൻമുള തോട്ടത്തിൽ മണ്ണിൽ വീട്ടിൽ എത്തി ചേരുന്ന ചെട്ടികുളങ്ങര കര പ്രതിനിധികൾ അവിടുത്തെ പൂജകൾക്ക് ശേഷം ആറൻമുള ക്ഷേത്രത്തിലെ ദീപാരാധന ദർശനം നടത്തും. തുടർന്ന് സംഘം രാത്രിയോടെ അത്താഴ പൂജക്ക് മുമ്പായി ചെട്ടികുളങ്ങരയിൽ തിരിച്ചെത്തും.