ആലപ്പുഴ: പരിശീലനം സിദ്ധിച്ച ഡോക്ടർ ഇല്ലാതായതോടെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ കാൻസർ ചികിത്സ മുടങ്ങുന്നത് പാവപ്പെട്ട രോഗികൾക്ക് തിരിച്ചടിയാകുന്നു. കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സക്ക് എത്തുന്ന രോഗികൾ നിരാശരായി മടങ്ങുകയാണിപ്പോൾ.
ജനറൽ ആശുപത്രിയിൽ കീമോതെറാപ്പി ചികിത്സ നടത്തിയിരുന്നവർ കൃത്യസമയത്ത് തുടർ ചികിത്സ ഇവിടെ ലഭിക്കാത്തതിനാൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാൻസർ രോഗികൾക്ക് ചികിത്സ ലഭിക്കുമെങ്കിലും, മുൻഗണനാക്രമം നോക്കി വരുമ്പോൾ തുടർ ചികിത്സ കൃത്യസമയത്ത് കിട്ടാതെ വരും. പ്രതിദിനം 100ഓളം രോഗികളാണ് ജനറൽ ആശുപത്രിയിൽ കാൻസർ വിഭാഗത്തിൽ ചികിത്സ തേടുന്നത്. 40പേർക്കാണ് കീമോതെറാപ്പി നടത്തുന്നത്. വിദഗ്ദ്ധ ഡോക്ടറുടെ സേവനം ഇവിടെ ലഭിക്കാതായിട്ട് ഒന്നര ആഴ്ചയായി. നിലവിലുണ്ടായിരുന്ന ഡോക്ടറെ കടപ്പുറത്തെ സത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേയ്ക്കാണ് സ്ഥലം മാറ്റിയത്. ജനറൽ ആശുപത്രിയിൽ കാൻസർ ചികിത്സയ്ക്ക് പ്രത്യേക പരിശീലനം സിദ്ധിച്ച ഡോക്ടർമാരെയാണ് നിയമിച്ചത്.
...............
5ലക്ഷം രൂപയുടെ മരുന്ന് സൗജന്യം
കാൻസർ രോഗികൾക്ക് സർക്കാർ ആശുപത്രിയിൽ പ്രതിവർഷം അഞ്ചുലക്ഷം രൂപയുടെ മരുന്ന് സൗജന്യമായി ലഭിക്കും. സർക്കാർ ആശുപത്രിയിൽ ഡോക്ടർമാർ ഇല്ലാതാവുന്നതോടെ, സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാൻ തക്ക സാമ്പത്തിക സ്ഥിതിയില്ലാത്തവരുടെ ചികിത്സ മുടങ്ങും.
"ജനറൽ സ്ഥലംമാറ്റത്തിലാണ് കാൻസർ വിഭാഗത്തിലെ ഡോക്ടറെ മാറ്റിയത്. തൈക്കാട്ടുശേരി ആശുപത്രിയിലെ ഡോക്ടറെ ഒരാഴ്ചക്കുള്ളിൽ ഇവിടെ കാൻസർ വിഭാഗത്തിൽ നിയമിക്കുന്നതിനുള്ള നടപടികൾ തുടങ്ങി.
ഡോ. കെ.വേണുഗോപാൽ, സൂപ്രണ്ട്, ജനറൽ ആശുപത്രി