
ഹരിപ്പാട്: വീയപുരത്ത് നെല്ല് സംഭരണം ആരംഭിച്ചു. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് വൈകി കൃഷിയിറക്കിയ വീയപുരം കൃഷിഭവൻ പരിധിയിലെ 365 ഏക്കർ വിസ്തീർണ്ണമുള്ള മുണ്ടുതോട് പോളത്തുരുത്ത് പാടശേഖരത്തിലാണ് നെല്ല് സംഭരണം ആരംഭിച്ചത്. വിളവെടുപ്പ് ആരംഭിച്ച് നാലാമത്തെ ദിവസത്തിൽ തന്നെ സിവിൽ സപ്ലൈസ് കോർപറേഷന്റെ അംഗീകൃത മില്ലുകൾ വഴി സംഭരണം ആരംഭിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് പാടശേഖര സമിതിയും കർഷകരും. മേരി മാതാ എന്ന മില്ലുവഴിയാണ് സംഭരണം നടക്കുന്നത്.സംഭരണം ആരംഭിച്ചെങ്കിലും വിളവെടുപ്പ് ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. എന്നാൽ നെല്ല് കളത്തിൽ തൂക്കുമ്പോൾ തന്നെ മില്ലുടമകൾ കർഷകർക്ക് ഹാന്റിലിംഗ് ചാർജ് നൽകുമായിരുന്നു .ഇത് സർക്കാർ നിർത്തലാക്കിയത് കർഷകർക്ക് ഇരുട്ടടിയായി. ക്വിന്റലിന് 12 രൂപ എന്ന ക്രമത്തിലായിരുന്നു ഹാന്റിലിംഗ് ചാർജ് നൽകിയിരുന്നത്. ഇത് ഏജൻസികൾ വഴി വിതരണം ചെയ്യുന്നത് ഒഴിവാക്കി സർക്കാർ സംവിധാനത്തിലൂടെയാക്കിയതാണ് കർഷകർക്ക് ഇരുട്ടടിയായി മാറിയത്. ഇനി മുതൽ പി.ആർ.എസ്. നൽകുന്ന മുറയ്ക്ക് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് നെല്ലിന്റെ വിലയോടൊപ്പം ഹാന്റിലിംഗ്ചാർജും നൽകാനാണ് സർക്കാർ തീരുമാനം.