ambala

അമ്പലപ്പുഴ: രോഗം ഭേദമായി ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ്‌ ചെയ്‌ത്‌ ദിവസങ്ങൾ പിന്നിട്ടിട്ടും പോകാനിടമില്ലാതെ വിഷമത്തിലായ വൃദ്ധന് പൊതുപ്രവർത്തകർ തുണയായി. മനോനില തെറ്റി അലഞ്ഞുനടന്ന അവിവാഹിതനായ ഫ്രാൻസിസിനെ (61) പൊലീസുകാരാണ് ഏപ്രിൽ 6 ന് ആശുപത്രിയിലെത്തിച്ചത്‌. 24ന് ഡിസ്ചാർജ്‌ ആയെങ്കിലും പോകാനിടമില്ലാത്തതിനാൽ ആശുപത്രി വാർഡിൽ തുടരുകയായിരുന്നു. സ്റ്റാഫ്‌ നഴ്സ്‌ സജിന സ്നേഹവീട്‌ അഭയകേന്ദ്രത്തെ വിവരം അറിയിച്ചതിനെ തുടർന്നാണു ഗ്രാമപഞ്ചായത്തംഗം യു.എം.കബീർ,അഭയ കേന്ദ്രം ഭാരവാഹികളായ ആരിഫ്‌ സുൽത്താൻ,ആഷിക്‌ മുഹമ്മദ്‌,അജോ യോഹന്നാൻ,പ്രസാദ്‌ എന്നിവർ ആശുപത്രിയിലെത്തി ഫ്രാൻസിസിനെ കൂട്ടിക്കൊണ്ടു പോയത്. നഴ്സുമാരായ രജനി,ഡിൻഫിന എന്നിവരും ഒപ്പം ഉണ്ടായിരുന്നു.