
പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് ആലുങ്കൽ ബസാറിലെ കണ്ണൻകുളം വഴിയോര വിശ്രമ കേന്ദ്രം അനാഥമാകുന്നു. 2018 ൽ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം ലക്ഷങ്ങൾ മുടക്കി നിർമ്മിച്ചതാണ്. തൊട്ടടുത്തുള്ള കുടുംബ ആരോഗ്യ കേന്ദ്രത്തിൽ എത്തുന്നവർക്കും വഴിയോര യാത്രക്കാർക്കും വിശ്രമിക്കാനും ലഘു ഭക്ഷണം കഴിക്കാനുമുള്ള സംവിധാനമാണ് കേന്ദ്രത്തിൽ സജ്ജീകരിച്ചത്. പാർക്കിനോട് ചേർന്ന് കുടുബശ്രീയുടെ നാടൻ ഭക്ഷണം ലഭ്യമാകുന്ന കടയും പദ്ധതിയുടെ ഭാഗമായിരുന്നു. പാർക്കിന്റെ നടത്തിപ്പും സംരക്ഷണവും കുടുംബശ്രീയെ ഏൽപ്പിക്കാനായിരുന്നു പഞ്ചായത്തിന്റെ തീരുമാനം. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് നാലു വർഷം ആകുമ്പോഴും പദ്ധിതി നടപ്പിലായില്ല. ലക്ഷങ്ങൾ വിലയുള്ള ഫൈബർ ബഞ്ചുകളും മറ്റ് ഉപകരണങ്ങളും ഉപയോഗ ശൂന്യമാവുകയാണ് . പാർക്കിനോട് ചേർന്നുള്ള പഞ്ചായത്ത് വക കണ്ണൻ കുളം കരിക്കല്ല് കെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിലും, വെള്ളം പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നിറഞ്ഞ് കിടക്കുകയാണ്. കുളത്തിന് ചുറ്റും ടൈലിട്ട് നടപ്പാത ഒരുക്കിയത് കാടുകയറി കിടക്കുകയാണ്. പാർക്ക് നവീകരിച്ച് ജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.