
മാന്നാർ: കായികക്ഷമതായിട്ടുള്ള തലമുറയെ വാർത്തെടുക്കാൻ സർക്കാർ വേണ്ടതെല്ലാം ചെയ്യുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഒൻപതാമത് നായർ സമാജം സ്‌കൂൾസ് എവർറോളിംഗ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മാന്നാർ പഞ്ചായത്തിൽ സെവൻസ് ഫുട്‍ബോളിനായി ടർഫ് കോർട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾസ് മാനേജരും ടൂർണമെന്റ് കമ്മിറ്റി ചെയർമാനുമായ കെ.ആർ. രാമചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ വി.മനോജിന് സുവനീറിന്റെ കോപ്പി നൽകി തിരുവനന്തപുരം ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ കൺട്രോളർ കെ.വേണുഗോപാൽ സുവനീർ പ്രകാശനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അനിൽ എസ്.അമ്പിളി, എ.ആർ സ്മാരക ചെയർമാൻ പ്രൊഫ.പി.ഡി ശശിധരൻ, ഗ്രാമപഞ്ചായത്തംഗം ശാന്തിനി.എസ്, കെ.എൻ ബാലകൃഷ്ണൻ,ജേക്കബ് തോമസ് അരികുപുറം, മാന്നാർ അബ്ദുൽ ലത്തീഫ്, എം.എൻ രവീന്ദ്രന്പിള്ള, കല്യാണ കൃഷ്ണൻ, എസ്.വിജയകുമാർ, ഹരികൃഷ്ണൻ, പി.എൻ ശെൽവരാജ് എന്നിവർ പ്രസംഗിച്ചു. ടൂർണ്ണമെന്റ് കമ്മിറ്റി ജനറൽ കൺവീനർ കെ.ജി വിശ്വനാഥൻ നായർ സ്വാഗതവും പബ്ലിസിറ്റി കമ്മിറ്റി വൈസ് ചെയർമാൻ കെ.എ കരീം നന്ദിയും പറഞ്ഞു. ഇന്ത്യൻ ജൂനിയർ ബാസ്‌കറ്റ് ബാൾതാരം വി.അർജുൻ പ്രണവം, സ്‌പെയിനിലെ മാഡ്രിഡിൽ ഫുടബാൾ വിദഗ്ദ്ധ പരിശീലനം നേടിയ എൻ.എസ്.എച്ച്.എസ്.എസ്. പൂർവ വിദ്യാർത്ഥി ആദർശ് പി.ആർ എന്നിവരെ ചടങ്ങിൽ മന്ത്രി അനുമോദിച്ചു. കേരളത്തിലെ പ്രശസ്തമായ എട്ടോളം ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് ആറിന് സമാപിക്കും.