
ന്യൂഡൽഹി: പത്രസമ്മേളനത്തിൽ മാദ്ധ്യമങ്ങൾക്ക് മുന്നിൽ നേതാക്കൾ പതറുമ്പോൾ സഹായിക്കാൻ അനുയായികളുണ്ടാവും. എന്നാൽ, ഒരപകടത്തെക്കുറിച്ച് ഗ്രാമീണ വനിത തെല്ലും സങ്കോചമില്ലാതെ പറയും. കാരണം അവർ സ്വന്തം അനുഭവമാണ് വിവരിക്കുന്നത്. പഠനവും അനുഭവമാക്കിയാൽ ചോദ്യങ്ങൾക്ക് മുന്നിൽ പതറില്ല.
രാജ്യത്തെ വിദ്യാർത്ഥി സമൂഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശമാണിത്. ഡൽഹി തക്കത്തോറ സ്റ്റേഡിയത്തിൽ പരീക്ഷാ പെ ചർച്ചയിലാണ് വെല്ലുവിളികളെ നേരിടാനുള്ള 'ടിപ്‌സുകൾ' സൗമ്യനായ അദ്ധ്യാപകനെപ്പോലെ സരസമായ ഉദാഹരണങ്ങൾ സഹിതം നൽകിയത്.
സ്റ്റേഡിയത്തിൽ നേരിട്ടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒാൺലൈനിലും വിദ്യാർത്ഥികൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് മോദി ഉത്തരം നൽകി. ജീവിതവിജയം കൈവരിക്കാനുള്ള വഴികളും ഉപദേശിച്ചു. കൃത്യമായ ദിനചര്യ ശീലമാക്കി പ്രശ്‌നങ്ങൾ ധൈര്യപൂർവ്വം നേരിടണം. മനസിൽ നിന്ന് നെഗറ്റീവ് ചിന്തകൾ ഒഴിവാക്കണം.
ക്ളാസുകൾ ഒാൺലൈനോ, ഒാഫ്‌ലൈനോ ആയിക്കോട്ടെ പാഠ്യവിഷയങ്ങൾ ശ്രദ്ധിക്കലാണ് പ്രധാനം. ദോശ ഉണ്ടാക്കൽ ഒാൺലൈനിലൂടെ പഠിക്കാം. പക്ഷേ, അതുണ്ടാക്കലും കഴിക്കലും ഒാഫ്‌ലൈനിലേ പറ്റൂ.
എല്ലാ മേഖലയിലും സ്ത്രീകൾ മുന്നേറുന്ന യുഗത്തിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാത്ത ഒരു സമൂഹത്തിനും വികസനമുണ്ടാകില്ല. പരീക്ഷാ പെയിൽ താനും ഒരു കുട്ടിയാകുമെന്നും അവരിൽ നിന്ന് പുതിയ പാഠങ്ങൾ ഉൾക്കൊണ്ട് സ്വയം പരിഷ്‌കരിക്കാൻ ശ്രമിക്കാറുണ്ടെന്നും മോദി പറഞ്ഞു.
ആയിരത്തോളം വിദ്യാർത്ഥികളും രക്ഷിതാക്കളും നേരിട്ടും 12 ലക്ഷം വിദ്യാർത്ഥികളും 2.71 ലക്ഷം അദ്ധ്യാപകരും 90,000 രക്ഷിതാക്കളും ഒാൺലൈനായും പങ്കെടുത്തു. എറണാകുളം സെന്റ്തെരേസാസ് സി.ജി.എസ്.എസ്.എസിൽ കുട്ടികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനൊപ്പം പരിപാടിയുടെ ഭാഗമായി.
പരീക്ഷാപ്പേടി വേണ്ട
നീണ്ട കപ്പൽയാത്ര തീരത്തടുക്കുമ്പോൾ പേടിക്കരുത്. വെല്ലുവിളികൾ അതിജീവിച്ച് മുന്നേറേണ്ട വലിയൊരു പരീക്ഷയാണ് ജീവിതം. വെല്ലുവിളികളെ സ്വയം തിരഞ്ഞെടുക്കുക. പരീക്ഷയിൽ ജയിക്കാനും മാർക്കുനേടാനുമായി പഠിക്കരുത്. ഉത്സവങ്ങളുടെ സമയത്താണല്ലോ പരീക്ഷകൾ. പരീക്ഷകളെ ഉത്സവമാക്കുക.
ഏകാഗ്രതയ്ക്ക്
ഇവിടെ ഇരിക്കുന്നവരിൽ ചിലരുടെ ചിന്ത വീട്ടിൽ അമ്മ ടി.വിക്കു മുന്നിലാണോ, തന്നെ കാണുന്നുണ്ടോ എന്നായിരിക്കും. ഇവിടെ നടക്കുന്നത് അവരുടെ മനസിലില്ല. രാവിലെ കുളിക്കാൻ പറയുമ്പോൾ പേപ്പർ വായിക്കുന്ന വിദ്വാനോട് മുഖ്യവാർത്ത ഏതാണെന്ന് വൈകിട്ട് ചോദിച്ചാൽ അറിയില്ലെന്നാകും ഉത്തരം. അദ്ധ്യാപകർ പഠിപ്പിക്കുമ്പോൾ ശ്രദ്ധിക്കണം. ശ്രദ്ധ വിട്ടുമാറാനുള്ള കാരണം മനസാണ്.
ഒാർമ്മശക്തിക്ക്
പാത്രത്തിലെ തെളിഞ്ഞ വെള്ളം പോലെയുള്ള മനസ് അനിവാര്യം. കഴിവുകൾ വർദ്ധിപ്പിക്കാനുള്ള ഒരു ഉൽപ്രേരകമാണ് ഒാർമ്മശക്തി. ലക്ഷ്യമാണ് വലുത്. ഏറെ പഠിക്കുന്നതിലല്ല, അവ ഒാർമ്മയിൽ നിലനിറുത്തുന്നതിലാണ് കാര്യം. നമ്മളെ നിരാശപ്പെടുത്തുന്ന കാര്യങ്ങളെന്തൊക്കയെന്ന് കണ്ടെത്തി അവ ജീവിതത്തിൽ നിന്ന് ഒഴിവാക്കണം. പ്രചോദനം കുത്തിവയ്ക്കാനാവില്ല.
രക്ഷിതാക്കളോട്
സ്വന്തം സ്വപ്‌നങ്ങൾ കുട്ടികൾക്ക് മേൽ അടിച്ചേൽപ്പിക്കരുത്. അതവരിൽ ആശയക്കുഴപ്പവും കുരുക്കുകളുമുണ്ടാക്കും. കുട്ടികളുടെ താത്പര്യങ്ങളും കരുത്തും മനസിലാക്കുക. എല്ലാ കുട്ടികൾക്കും കഴിവുണ്ട്. അതു കണ്ടെത്തുന്നതിലാണ് കാര്യം. പുത്തൻ സാങ്കേതിക വിദ്യകളെ പ്രോത്സാഹിപ്പിക്കണം.