alanchery

 എല്ലാം കർദ്ദിനാൾ കാരണം

ന്യൂഡൽഹി: സീറോ മലബാർ സഭ നടത്തിയ ഭൂമി ഇടപാടിൽ സർക്കാർ ഭൂമി ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ ഉത്തരവിട്ട ഹൈക്കോടതി വിധിയും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കാക്കനാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലുള്ള കേസുകളും സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയത് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടിയായി.

കർദ്ദിനാൾ കാരണമാണ് എല്ലാം സംഭവിച്ചതെന്നും അതിനാൽ ഈ ഘട്ടത്തിൽ അന്വേഷണം സ്റ്റേ ചെയ്യുന്നില്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി പറഞ്ഞു. ഹൈക്കോടതി അന്വേഷണ ഉത്തരവിട്ടതിന്റെ കാരണം വിചാരണയ്ക്കൊടുവിലാണ് മനസ്സിലാക്കാൻ കഴിയുക. ഹൈക്കോടതി ഉത്തരവ് കഴിഞ്ഞ വർഷം ആഗസ്റ്റിലായിരുന്നു. എന്നാൽ കർദ്ദിനാൾ അപ്പീൽ ഫയൽ ചെയ്തത് വളരെ വൈകി ഈ വർഷം ഫെബ്രുവരിയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ഹർജിയിൽ സംസ്ഥാന സർക്കാർ അടക്കമുള്ള എതിർകക്ഷികൾക്ക് രണ്ടാഴ്ചയ്ക്കകം മറുപടി ആവശ്യപ്പെട്ട് നോട്ടീസുമയച്ചു.

കർദ്ദിനാളിന് 70 വയസ്സ് കഴിഞ്ഞെന്നും അന്വേഷണം തടഞ്ഞില്ലെങ്കിൽ പൊലീസ് കസ്റ്റഡിയിലെടുത്തേക്കുമെന്നും ആലഞ്ചേരിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂതറ ചൂണ്ടിക്കാട്ടി. സീറോ മലബാർ സഭ കൈമാറിയ ഭൂമിയിൽ പുറമ്പോക്കും ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണം പരാതിക്കാർ പോലും ഉന്നയിച്ചിട്ടില്ലെന്നും പറഞ്ഞു. ഈ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല.

പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കുന്നതിന് ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾക്കെതിരെ സീറോ മലങ്കര സഭയുടെ ബത്തേരി രൂപതയും സീറോ മലബാർ സഭയുടെ താമരശ്ശേരി രൂപതയും നൽകിയ ഹർജികൾക്കൊപ്പം ആലഞ്ചേരി നൽകിയ ഹർജിയും പരിഗണിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി.

പരാതിക്കാരനായ ജോഷി വർഗീസിന് വേണ്ടി അഭിഭാഷകരായ ജയന്ത് മുത്തുരാജ്, പി.എസ്. സുധീർ എന്നിവരും കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയ ഷൈൻ വർഗീസിന് വേണ്ടി രാകേന്ദ് ബസന്തും ഹാജരായി.