
ന്യൂഡൽഹി: രാജ്യത്തെ ടോൾ നിരക്കുകൾ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഇന്നലെ മുതൽ വർദ്ധിപ്പിച്ചു. 2022 - 23ലെ വിജ്ഞാപന പ്രകാരം
10 മുതൽ 65 രൂപ വരെയാണ് വർദ്ധന.
ചെറിയ വാഹനങ്ങൾക്ക് 10 രൂപയും വാണിജ്യ വാഹനങ്ങൾക്ക് 65 രൂപ വരെയും വർദ്ധിച്ചു. കാറിനും ജീപ്പിനും 10 രൂപയും ബസ്, ട്രക്ക് തുടങ്ങിയ ഹെവി വാഹനങ്ങൾക്ക് 35 മുതൽ 45 രൂപയും 40 മുതൽ 50 രൂപയും വർദ്ധിച്ചു.
ഡൽഹി - ജയ്‌പൂർ ഹൈവേയിലെ ഖേർക്ക ദൗല ടോൾ പ്ലാസയിൽ ടോൾ 14 ശതമാനമാണ് കൂട്ടിയത്. കെ.എം.പി എക്സ്‌പ്രസ് വേയിൽ 10 ശതമാനം കൂടി. കാർ, ജീപ്പ് പതിവ് ടോൾ 70 രൂപയിൽ നിന്ന് 80 രൂപയായി. മിനി ബസിന് 100 ൽ നിന്ന് 115 രൂപയാക്കി.
ഡൽഹി - മീററ്റ് എക്സ്‌പ്രസ് വേയിൽ 10 ശതമാനം അധികം അടയ്‌ക്കണം. എക്സ്‌പ്രസ് വേയിൽ സരായ് കാലേ ഖാൻ മുതൽ കാശി ടോൾ പ്ലാസ വരെ കാറിനും ജീപ്പിനും 140 രൂപയ്ക്ക് പകരം 155 രൂപ അടയ്‌ക്കണം. ഹെവി വാഹനങ്ങൾക്ക് 15 - 25 രൂപ വരെയും 40 - 50 രൂപ വരെയും കൂടി.
ഇന്ധന വില കുതിക്കുന്നതിനൊപ്പം ടോൾ വർദ്ധന കൂടിയാകുമ്പോൾ അവശ്യസാധനങ്ങളുടെ വിതരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ട്രക്ക് ഓപ്പറേറ്റർമാർ പറയുന്നു. മത്സ്യം, പഴങ്ങൾ, മുട്ട, എണ്ണ, ഭക്ഷ്യധാന്യങ്ങൾ, മരുന്നുകൾ, വളം തുടങ്ങിയവയുടെ വിതരണത്തെ സാരമായി ബാധിക്കും.