
ന്യൂഡൽഹി: ഗവർണർമാരെ നിയമിക്കാനും തിരിച്ചുവിളിക്കാനും
സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന രീതിയിൽ ഭരണഘടനാഭേദഗതി നിർദ്ദേശിക്കുന്ന സ്വകാര്യ ബിൽ സി.പി.എം എം.പി ഡോ. വി. ശിവദാസൻ രാജ്യസഭയിൽ അവതരിപ്പിച്ചു.
നിയമസഭകൾ പാസാക്കുന്ന ബില്ലുകളുടെ കാര്യത്തിൽ ഗവർണർമാർക്ക് സമയബന്ധിതമായി തീരുമാനമെടുക്കാൻ കഴിയും വിധം ഭരണഘടനാ ഭേദഗതി നിർദ്ദേശിക്കുന്ന സ്വകാര്യ ബിൽ ഡി.എം.കെ അംഗം പി. വിൽസണും അവതരിപ്പിച്ചു.
കേന്ദ്ര ശുപാർശപ്രകാരം രാഷ്ട്രപതി നിയമിക്കുന്ന രീതിക്കു പകരം നിയമസഭാംഗങ്ങളും തദ്ദേശസ്ഥാപന ജനപ്രതിനിധികളും അടങ്ങുന്ന ഇലക‌്‌ടറൽ കോളേജാണ് ഗവർണർമാരെ തിരഞ്ഞെടുക്കേണ്ടതെന്ന് ശിവദാസന്റെ ബിൽ വ്യവസ്ഥ ചെയ്യുന്നു. ഗവർണർമാരെ തിരിച്ചുവിളിക്കാൻ നിയമസഭയ്ക്ക് അധികാരം നൽകൽ, നിയമസഭയിലെ മൂന്നിൽ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷത്തോടെ ഗവർണർക്കെതിരെ അവിശ്വാസപ്രമേയം പാസാക്കൽ തുടങ്ങിയ വ്യവസ്ഥകളുമുണ്ട്. ഇതിനായി ഭരണഘടനയുടെ 153, 155, 156 വകുപ്പുകൾ ഭേദഗതി ചെയ്യണമെന്നാണ് നിർദ്ദേശം.
തിരുവനന്തപുരത്ത്
ഹൈക്കോടതി ബെഞ്ച്
തുരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോൺ ബ്രിട്ടാസും ബിൽ അവതരിപ്പിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കേസുകൾ ഈ ബെഞ്ചിനു വിടണമെന്നും നിർദ്ദേശിക്കുന്നു. കൊച്ചിയിലേക്ക് തിരുവനന്തപുരത്തു നിന്ന് ഉദ്യോഗസ്ഥർക്ക് കേസുകൾക്കായി നിരന്തരം യാത്ര ചെയ്യേണ്ടതുണ്ട്. ഇത് അമിത ചെലവും സമയനഷ്‌ടവും ഉണ്ടാക്കുന്നെന്നും ബില്ലിൽ ചൂണ്ടിക്കാട്ടുന്നു.
ശാരീരികവെല്ലുവിളി നേരിടുന്നവരോടുള്ള വിവേചനത്തിനെതിരെ ഭരണഘടനാഭേദഗതി ആവശ്യപ്പെടുന്ന ബില്ലും ബ്രിട്ടാസ് അവതരിപ്പിച്ചു. വിറ്റഴിച്ച പൊതുമേഖലാകമ്പനികളിൽ തൊഴിൽ സംവരണം ബിൽ പി.സോമപ്രസാദും ജനസംഖ്യാനിയന്ത്രണ ബിൽ ബിനോയ് വിശ്വവും അവതരിപ്പിച്ചു.
ആരോഗ്യം മൗലീകാവകാശം
ലക്ഷദ്വീപ് നിയമ നിർമ്മാണസഭ രൂപീകരണ ബിൽ, ആരോഗ്യം മൗലീകാവകാശ ബിൽ, സാർവത്രികാരോഗ്യ ഇൻഷ്വറൻസ് ബിൽ എന്നിവ എം.കെ. രാഘവൻ ലോക്‌സഭയിൽ അവതരിപ്പിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് ദേശീയ കമ്മിഷൻ രൂപീകരിക്കാൻ ഭരണഘടനാഭേദഗതിക്ക് എൻ.കെ. പ്രേമചന്ദ്രനും ബിൽ അവതരിപ്പിച്ചു.