nepal-prime-minister-at-d

ന്യൂഡൽഹി: ചൈനയെക്കാളും ഇന്ത്യയുമായുള്ള ബന്ധത്തിന് ഊന്നൽ നൽകുന്നുവെന്നുറപ്പിക്കാൻ ലക്ഷ്യമിട്ട് നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബ ത്രിദിന സന്ദർശനത്തിന് ഡൽഹിയിലെത്തി. ഇന്നലെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും വിദേശകാര്യ സെക്രട്ടറി ഹർഷ വർദ്ധൻ ശൃംഗ്‌ളയുമായും കൂടിക്കാഴ്ച നടത്തി. ഇന്ന് ഡൽഹി ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും.

ഇന്നലെ വൈകിട്ട് ബി.ജെ.പി കേന്ദ്ര ആസ്ഥാനത്തെത്തിയ നേപ്പാൾ പ്രധാനമന്ത്രിയെ ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെ നേതൃത്വത്തിൽ നേതാക്കൾ സ്വീകരിച്ചു.

2021 ജൂലായിൽ നേപ്പാൾ പ്രധാനമന്ത്രിയായി വീണ്ടും അധികാരമേറ്റ ശേഷം ഷേർ ബഹാദൂർ ദ്യൂബ നടത്തുന്ന ആദ്യ സന്ദർശനമാണിത്. നേപ്പാളിൽ സ്വാധീനമുറപ്പിക്കാൻ ചൈന ശ്രമിക്കുന്നതിനിടെയുള്ള സന്ദർശനത്തിന് പ്രാധാന്യമേറെയുണ്ട്. മാർച്ച് അവസാന വാരം ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി നേപ്പാൾ സന്ദർശിച്ചിരുന്നു.

ഭാര്യ ആർസൂ ദ്യൂബയും മന്ത്രിമാരും അടക്കം 50 അംഗ സംഘവും ഒപ്പമുണ്ട്. നാളെ മടങ്ങും മുമ്പ് അദ്ദേഹം വാരാണസിയും സന്ദർശിക്കും.