ന്യൂഡൽഹി: സി.ബി.ഐയുടെ ചില പ്രവർത്തനങ്ങളും നിഷ്ക്രിയത്വവും അതിന്റെ വിശ്വാസ്യതയെക്കുറിച്ച് പലപ്പോഴും ചോദ്യങ്ങളുയർത്തിയിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു. സി.ബി.ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 19-ാമത് ഡി.പി കോഹ് ലി അനുസ്മരണ ചടങ്ങിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സി.ബി.ഐയ്ക്ക് പ്രാരംഭ ഘട്ടത്തിലുണ്ടായിരുന്ന വിശ്വാസ്യത കാലക്രമത്തിൽ ചോദ്യം ചെയ്യപ്പെട്ടു.

സി.ബി.ഐ, ഇ ഡി തുടങ്ങിയ ഏജൻസികൾ ഒരു കുടക്കീഴിൽ കൊണ്ടുവരേണ്ടതുണ്ട്. ആവശ്യമായ അധികാരപരിധികളും പ്രവർത്തന രീതിയും നിർവചിച്ചു കൊണ്ടുള്ള ഒരു ചട്ടത്തിന് കീഴിലായിരിക്കണമിത്. സി.ബി.ഐ ഡയറക്ടർ ഈ പ്രഭാഷണത്തിന് തന്നെ ക്ഷണിക്കാൻ വന്നപ്പോൾ ഇന്ത്യയിലെ പൊലീസിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ചില വിമർശനാത്മകമായ അഭിപ്രായങ്ങൾ പറയേണ്ടി വരുമെന്ന് പറഞ്ഞിരുന്നു. ഭരണമാറ്റങ്ങൾക്കുശേഷം താൻ പീഡിപ്പിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി ചില പൊലീസ് ഉദ്യോഗസ്ഥർ കോടതികളെ സമീപിക്കാറുണ്ട്. അധികാരസ്ഥാനങ്ങളുടെ പ്രിയങ്കരനാകാൻ ശ്രമിക്കുന്നതിന്റെ അനന്തരഫലങ്ങളാണിത്. ആത്യന്തികമായി പൊലീസ് ഉദ്യോഗസ്ഥരുടെ കൂറ് ഭരണഘടനയോടും നിയമവാഴ്ചയോടുമായിരിക്കണം. അല്ലാതെ ഒരു വ്യക്തിയോടാകരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.